സന്നിധാനത്ത് ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും നിയന്ത്രണം ഏര്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ്

മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ശ്രീകോവിലിനകത്തെ ചിത്രങ്ങള്‍ വരെ ക്യാമറയില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് നടപടി.

തിരുവനന്തപുരം: സന്നിധാനത്ത് ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ശ്രീകോവിലിനകത്തെ ചിത്രങ്ങള്‍ വരെ ക്യാമറയില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് നടപടി. എന്നാല്‍ മാധ്യമങ്ങള്‍ക്ക് തടസ്സമില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

സമൂഹ മാധ്യമങ്ങളില്‍ സന്നിധാനത്തെ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് നടപടി. പതിനെട്ടാംപടിക്കു മുകളില്‍ മൊബൈല്‍ ഫോണിനും വീഡിയോ ക്യാമറകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണുകള്‍ ടോക്കണ്‍ സംവിധാനത്തിലൂടെ വാങ്ങി വെക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍ അറിയിച്ചു.

എന്നാല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല. ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ കുപ്രചരണങ്ങള്‍ നടവരവിനെ ബാധിച്ചു. മണ്ഡല പൂജയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവലോകന യോഗം എല്ലാദിവസവും ചേരും. യുവതികള്‍ മലചവിട്ടാന്‍ എത്തുന്നുവെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെ കുറിച്ച് ദേവസ്വംബോര്‍ഡിന് അറിയില്ല. യുവതികളെ കയറ്റണമെന്ന ഒരാഗ്രഹം ബോര്‍ഡിനില്ല. എന്നാല്‍ രാഷട്രീയ താല്‍പ്പര്യമുള്ളവര്‍ക്ക് ഇത്തരം താല്‍പ്പര്യമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടി ചേര്‍ത്തു.

Exit mobile version