‘കേരളത്തിലൊരു വനിതാ മുഖ്യമന്ത്രിയുണ്ടാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ വളരെ സന്തോഷം’ ലതിക സുഭാഷ് പറയുന്നു

Lathika Subash | Bignewslive

ഏറ്റുമാനൂര്‍: കേരളത്തിലൊരു വനിതാ മുഖ്യമന്ത്രിയുണ്ടാകണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ വളരെ സന്തോഷമെന്ന് സംസ്ഥാനത്തെ നേതൃത്വത്തില്‍ നിന്ന് കടുത്ത അവഗണനയെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വനിതാ നേതാവ് ലതിക സുഭാഷ്.

ഏറ്റുമാനൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ സന്തോഷമെന്ന് അറിയിച്ചത്. ഏറ്റുമാനൂരിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ ലതിക 32 വര്‍ഷം നീണ്ട പൊതുജീവിതത്തിന്റെ പാരമ്പര്യത്തിന്റെ ആത്മവിശ്വാസത്തിലാണ് താനെന്നും കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് എന്റെയൊരു ആഗ്രഹമാണ്. പക്ഷേ അതിന് കുറച്ചു സമയം കൂടി വേണ്ടി വരുമെന്നും എങ്കിലും അതിനായുള്ള ശ്രമം താന്‍ തുടരുമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പെരുമ്പാവൂരില്‍ നടന്ന തെരഞ്ഞെടുപ്പ് വേളയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

ലതിക സുഭാഷിന്റെ വാക്കുകള്‍;

‘വനിതകള്‍ക്ക് വേണ്ടത്ര പ്രധാന്യം കൊടുക്കണമെന്ന് എഐസിസി നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിരുന്നതാണ്. പക്ഷേ കേരളത്തിലെ നേതാക്കന്‍മാര്‍ക്ക് അത് പാലിക്കാനായില്ല. അവരുടെ കണ്ണ് ഇനിയെങ്കിലും തുറക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എന്റെ പ്രതികരണത്തിന് ശേഷം കേരളത്തിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട മൂന്ന് വനിതകള്‍ക്ക് സ്ഥാനാര്‍ഥിത്വം കിട്ടി.’

Exit mobile version