വിഷയത്തില്‍ ഇടപെടാനാകില്ല; പത്രിക തള്ളിയതില്‍ എന്‍ഡിഎയ്ക്ക് കോടതിയില്‍ നിന്നും തിരിച്ചടു, മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളില്ല!

Election Nominations | Bignewslive

കൊച്ചി: ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ വിഷയത്തില്‍ നേതൃത്വത്തിന് കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ എന്‍ഡിഎയ്ക്ക് മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതായി.

ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ഥി എന്‍. ഹരിദാസ്, ദേവികുളത്തെ എഐഎഡിഎംകെ സ്ഥാനാര്‍ഥി ധനലക്ഷ്മി എന്നിവരാണ് പത്രിക തള്ളിയ വരണാധികാരികളുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ഹര്‍ജികളില്‍ ഇടപെടാനുള്ള പരിമിതിയാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞ ശേഷം ഇത്തരം ഹര്‍ജികളില്‍ ഇടപെടുന്നതിന് കോടതിക്ക് നിയമപരമായ പരിമിതികളുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. സാങ്കേതിക പിഴവിന്റെപേരില്‍ പത്രിക തള്ളിയതിനെയാണ് എന്‍. ഹരിദാസും അഡ്വ. നിവേദിതാ സുബ്രഹ്മണ്യനും ചോദ്യംചെയ്തത്.

ഞായറാഴ്ച അടിയന്തര സിറ്റിങ് നടത്തി നിവേദിതയുടെയും ഹരിദാസിന്റെയും ഹര്‍ജികള്‍ കോടതി കേള്‍ക്കുകയും ചെയ്തു. റിട്ടേണിങ് ഓഫീസര്‍ ശരിയായി പരിശോധിക്കാതെ രാഷ്ട്രീയ കാരണങ്ങളാല്‍ ന്യായരഹിതമായി പത്രിക തള്ളുകയായിരുന്നുവെന്ന് ഇരുവര്‍ക്കുംവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. തലശ്ശേരിയിലെ പത്രികയോടൊപ്പം നല്‍കിയ ഫോറം എ-യില്‍ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരില്‍ നല്‍കിയ ഫോറത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകള്‍ തള്ളിയത്. പരിഹരിക്കാവുന്ന ക്ലറിക്കല്‍ പിഴവ് മാത്രമായിരുന്നു ഇതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Exit mobile version