ഇളക്കമില്ലാതെ കോന്നിയിലെ ഇടത് വോട്ടുകള്‍; ആശങ്കയില്‍ കോണ്‍ഗ്രസും ബിജെപിയും

LDF Votes | Bignewslive

കോന്നി: കോന്നി മണ്ഡലത്തില്‍ അടിപതറുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസും ബിജെപിയും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും ഇളകാത്ത ഇടതുപക്ഷ വോട്ടാണ് ഇവരെ ആശങ്കയിലാഴ്ത്തുന്നത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 65,724 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. 2016 ല്‍ ഇത് 72,800 ആയി വര്‍ധിച്ചു. എല്‍ഡിഎഫിന് 57,950 ഉം 52,052 ഉം ആയിരുന്നു യഥാക്രമം വോട്ടുകള്‍. ബിജെപിക്ക് 2011 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 5994 വോട്ടായിരുന്നെങ്കില്‍ 2016 ആകുമ്പോഴേക്കും ഇത് 16,713 ആയി വര്‍ധിച്ചു.

പിന്നീട് 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ട് 44,146 ആയി കുത്തനെ കുറയുന്ന കാഴ്ചയാണ് കോന്നി കണ്ടത്. അതേ സമയം ബിജെപിയുടെ വോട്ട് 39,786 ആയി വര്‍ധിച്ചു. അന്ന് എല്‍ഡിഎഫ് വിജയിച്ചത് 54,099 വോട്ടിനാണ്. കോന്നിയിലെ ഈ കണക്കുകള്‍ നോക്കുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം വോട്ടുകള്‍ വെച്ചുമാറുന്നതായും എല്‍ഡിഎഫ് വോട്ടുകള്‍ 50,000 ത്തില്‍ ഉറച്ച് നില്‍ക്കുന്നതായും മനസിലാക്കാന്‍ സാധിക്കും.

ഇത്തവണ കെ സുരേന്ദ്രന്‍ വരുന്നത് തന്നെ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ നോട്ടമിട്ടാണ്. കഴിഞ്ഞതവണ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബഹുഭൂരിപക്ഷം വോട്ടുകളും ബിജെപിക്ക് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, അടൂര്‍പ്രകാശിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസില്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചതാണ്.

അടൂര്‍പ്രകാശിനെതിരെ പ്രതിഷേധിച്ച് രാജിവെച്ച ഡിസിസി പ്രസിഡന്റ് മോഹനെ പിന്തുണയ്ക്കുന്നവര്‍ ബിജെപിക്ക് വോട്ട് ചെയ്യുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. കൂടാതെ സഭാതര്‍ക്കവും കോണ്‍ഗ്രസിന് തിരിച്ചതിയായേക്കുമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. ഇടതുപക്ഷത്തിന്റെ ഉറച്ചവോട്ടുകള്‍ക്ക് പുറമെ മണ്ഡലത്തില്‍ ജനീഷ് കുമാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കൂടി വോട്ടാകും എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.

വലിയ വികസന പ്രവർത്തികളാണ് രണ്ട് വര്‍ഷം കൊണ്ട് ജനീഷ് കുമാര്‍ നടപ്പിലാക്കിയത്. കൂടെയുള്ള വോട്ടുകള്‍ ചോരാത്തതും വികസന പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫിന് അനുകൂലമാകും എന്നാണ് കോന്നി മണ്ഡലത്തെ നിരീക്ഷിക്കുന്നവര്‍ പ്രവചിക്കുന്നത്.

Exit mobile version