പ്രസവ വേദനകൊണ്ട് വഴിയില്‍ വീണു; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്‌സുമാര്‍ എത്തി ‘മാലാഖയെ’ പോലെ! യുവതി വഴിയോരത്ത് കുഞ്ഞിന് ജന്മം നല്‍കി, ദീപയ്ക്കും സോഫിയയ്ക്കും നിറകൈയ്യടി

Two nurses | Bignewslive

വെഞ്ഞാറമൂട്: പ്രസവ വേദനകൊണ്ട് വഴിയില്‍ വീണ യുവതിക്ക് സഹായ ഹസ്തവുമായി രണ്ട് നഴ്‌സുമാര്‍. മാലാഖമാരെ പോലെയായിരുന്നു ഇരുവരുടെയും പ്രത്യക്ഷപ്പെടല്‍. ആനാകുടി കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ സോഫിയ എസ്, ദീപ ഡികെ എന്നിവരാണ് കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ, പ്രസവ രക്ഷയ്ക്ക് അപ്രതീക്ഷമായി എത്തിയത്.

ഇരുവരുടെയും കാവലിലും കരുതലിലും യുവതി വഴിവക്കില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവ ശേഷം, 108 ആംബുലന്‍സ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആനാകുടി പണയില്‍ വീട്ടില്‍ ലക്ഷ്മി ചന്ദ്രന്‍(26) ആണ് നഴ്സുമാരുടെ കരുതലില്‍ സുഖപ്രസവം നടത്തിയത്. ലക്ഷ്മിക്ക് പ്രസവവേദനയുണ്ടായ ഉടനെ ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ചു.

വീട്ടിലേക്കുള്ള വഴി വാഹനം കയറാത്ത സ്ഥിതിയാണ്. പ്രധാന റോഡുവശത്തു കാത്തുനിന്ന ഓട്ടോയ്ക്കടുത്ത് എത്തുന്നതിന് മുന്‍പേ ലക്ഷ്മിക്ക് പ്രസവ വേദന കൂടി. എന്തുചെയ്യണമെന്നറിയാതെ ഭര്‍ത്താവ് ചന്ദ്രനും ഒപ്പമുള്ളവരും ആശങ്കപ്പെട്ടുനില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് മാലാഖമാരെപ്പോലെ സോഫിയയും ദീപയും ഇരുചക്രവാഹനത്തില്‍ അതുവഴി വന്നത്.

വാമനപുരം പൊതുജനാരോഗ്യ കേന്ദ്രത്തില്‍നിന്ന് കൊവിഡ് വാക്സിനുമായി ആനാകുടി ആശുപത്രിയിലേക്കു പോകുകയായിരുന്നു നഴ്സുമാര്‍. അവര്‍ വാഹനം നിര്‍ത്തി ലക്ഷ്മിയുടെ പ്രസവശുശ്രൂഷ നടത്തി. മതിയായ ധൈര്യവും നല്‍കുകയും ചെയ്തു.

ഭര്‍ത്താവിന്റെ മടിയില്‍ തലവച്ചുകിടന്ന് ലക്ഷ്മി കുഞ്ഞിനു ജന്മംനല്‍കി. കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ ശേഷം നഴ്സുമാര്‍ 108 ആംബുലന്‍സ് വിളിക്കുകയും ചെയ്തു. ശേഷം അരമണിക്കൂറിനുള്ളില്‍ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി തിരുവനന്തപുരം എസ്എടിയില്‍ എത്തിക്കുകയും ചെയ്തു.

Exit mobile version