കൊവിഡ് കാലത്തും ‘മങ്ങാതെ’ മദ്യം; ബാറുകളും ബിവറേജുകളും അടഞ്ഞു കിടന്നിട്ടും മലയാളി കുടിച്ചുതീര്‍ത്തത് 10,340 കോടിയുടെ മദ്യം!

Liquor sales | Bignewslive

കൊച്ചി: കൊവിഡ് പിടിമുറുക്കിയിട്ടും മദ്യപാനത്തില്‍ മലയാളികള്‍ എന്നും മുന്‍പില്‍ തന്നെയെന്ന് തെളിയിച്ച് കണക്കുകള്‍. 2020 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലത്തുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ കാലയളവില്‍, 10,340 കോടിയുടെ മദ്യമാണ് മലയാളി അകത്താക്കിയത്.

ലോക്ഡൗണിനെ തുടര്‍ന്ന് ബാറുകള്‍ ഏറെനാള്‍ അടഞ്ഞുകിടന്നിട്ടും മലയാളി പതിവുപോലെ മദ്യം കുടിച്ചു തീര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് ഭീഷണി ഇല്ലാതിരുന്ന 2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെ 14,700 കോടിയുടെ മദ്യമാണ് മലയാളി ഉപയോഗിച്ചത്. 201920ല്‍ മാസം 1225 കോടിയുടെ മദ്യം കഴിച്ചിരുന്നെങ്കില്‍ കോവിഡ് ഭീഷണി നിലനിന്നിരുന്ന കാലത്ത് മാസം 1034 കോടിയുടെ മദ്യമാണ് ഉപയോഗിച്ചത്.

2016 ഏപ്രില്‍ മുതല്‍ 2021 ജനുവരിവരെ 64,627 കോടി രൂപയുടെ മദ്യം വിറ്റുവെന്നും വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. എറണാകുളം സ്വദേശിയും പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റുമായ എം.കെ. ഹരിദാസിനാണ് വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങള്‍ ലഭിച്ചത്.

Exit mobile version