കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

CM Pinarayi Vijayan | Bignewslive

തിരുവനന്തപുരം: ലോകത്തെ കീഴടക്കിയ മഹാമാരിക്കെതിരെ പൊരുതാനുള്ള കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെ അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ച വിവരം ചിത്രം സഹിതം പങ്കിട്ടു. കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് സ്വീകരിച്ചു.

ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിച്ചു രോഗപ്രതിരോധം തീര്‍ക്കണം. കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടു വരണമെന്നും വാക്‌സിനെടുത്ത ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്‌സിനുകളാണ്. കോവിഡ് വാക്‌സിനെതിരേയുള്ള ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ സമൂഹം ഇത് അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. മെഡിക്കല്‍ കോളേജ് കൊവിഡ്19 വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് ഇരുവരും വാക്സിന്‍ സ്വീകരിച്ചത്.

Exit mobile version