117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350ഓളം ഡിറ്റണേറ്ററും; കോഴിക്കോട് ട്രെയിനില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി, യാത്രക്കാരി പിടിയില്‍

Explosives seized | Bignewslive

കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. സംഭവത്തില്‍ ഒരു യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റര്‍ എന്നിവയാണ് ട്രെയിനില്‍ നിന്നും കണ്ടെത്തിയത്.

ഡി വണ്‍ കംപാര്‍ട്ട്മെന്റില്‍ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നത്. ചെന്നൈ സ്വദേശിനിയായ യാത്രക്കാരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇരുന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. ഇവരെ ആര്‍പിഎഫും പൊലീസും സ്പെഷല്‍ ബ്രാഞ്ചും ചോദ്യം ചെയ്ത് വരികയാണ്.

ചെന്നൈ കട്പാടിയില്‍ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. പിടിയിലായ സ്ത്രീയുടേതാണോ സ്‌ഫോടകവസ്തു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇവരെ ചോദ്യം ചെയ്ത ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറയുന്നു.

Exit mobile version