കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍; പിസിആര്‍ പരിശോധന ഫലം നിര്‍ബന്ധം

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. കര്‍ണാടകയ്ക്കും തമിഴ്‌നാടിനും പുറമേ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കടുപ്പിച്ചത്. കേരളത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചത്.

കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയും പശ്ചിമ ബംഗാളും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. കൊവിഡ് നെഗറ്റിവ് ആണെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.

നേരത്തെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ തമിഴ്നാട് ഏര്‍പ്പെടുത്തി. നിര്‍ബന്ധമായും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

കൂടാതെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. അതേസമയം കേരളത്തില്‍ നിന്നും എത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാരജാക്കേണ്ടതില്ലെങ്കിലും ഇവര്‍ക്ക് തെര്‍മല്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് വരുന്ന എല്ലാവരും ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം.

എന്നാല്‍ സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ സ്ഥിരം യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇളവ് അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇളവുകള്‍ വ്യക്തമാക്കിയുള്ള പുതിയ സര്‍ക്കുലര്‍ ഇതുവരെ ഇറങ്ങിയിട്ടില്ല. മറ്റുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്.

Exit mobile version