ശബരിമല, പൗരത്വനിയമ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം; ഗുരുതര ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ല

തിരുവനന്തപുരം: ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തത്. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനമായത്.

ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 2300 ലധികം കേസുകളുണ്ട്. പൗരത്വ നിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 490 കേസുകളാണ് ഉള്ളത്. ഇതില്‍ ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനമായത്.

അതേസമയം ഇതില്‍ പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം, മതസ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കം എന്നീ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക നിയമോപദേശത്തിന് ശേഷമായിരിക്കും.

നേരത്തെ എന്‍എസ്എസ് അടക്കം ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധികാരത്തില്‍ വന്നാല്‍ കേസ് പിന്‍വലിക്കുമെന്ന് യുഡിഫും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

സര്‍ക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.അതേസമയം ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ ഒരു പോലെ പരിഗണിക്കാനുള്ള തീരുമാനത്തോട് യോജിക്കാന്‍ സാധിക്കില്ലെന്ന് കെ സുരേന്ദ്രനും എന്‍എസ്എസ് പറഞ്ഞു.

ശബരിമലയില്‍ ഒരു ക്രിമിനല്‍ ആക്രമണവും വിശ്വാസികള്‍ നടത്തിയിട്ടില്ലെന്നും എല്ലാ കേസുകളും പിന്‍വലിക്കണമെന്നാണ് അവശ്യപ്പെടാനുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version