അറസ്റ്റ് ചെയ്യേണ്ട, ചോദ്യം ചെയ്യാം; സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി

Sunny Leone | Bignewslive

കൊച്ചി: വഞ്ചനാ കേസില്‍ നടി സണ്ണി ലിയോണ്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. താരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ സുനില്‍ രജനി എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ക്രൈംബ്രാഞ്ചിന് വേണമെങ്കില്‍ നടിയെ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി. സിആര്‍പിസി 41എ പ്രകാരമുള്ള നോട്ടീസ് നല്‍കി വേണം ചോദ്യംചെയ്യലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അശോക് മോഹന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. പണം വാങ്ങി പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദാണ് സണ്ണി ലിയോണിനെതിരേ പരാതി നല്‍കിയത്.

39 ലക്ഷം രൂപ വാങ്ങി നടി വഞ്ചിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് കേസില്‍ അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ റിസോര്‍ട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം സണ്ണി ലിയോണില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തു. പിന്നാലെയാണ് താരം മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

Exit mobile version