‘ഉണര്‍ന്നിരിക്കുമ്പോള്‍ ശസ്ത്രക്രിയ’ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദ്യമായി രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ നീക്കംചെയ്തു! വിജയകരം

Brain Tumor | Bignewslive

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായി രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. ശസ്ത്രക്രിയ പൂര്‍ണ്ണമായും വിജയകരമായി. രോഗിയെ ബോധംകെടുത്താതെ, ശസ്ത്രക്രിയാസമയത്തും നിരീക്ഷിച്ചുകൊണ്ട് കൈയുംകാലും നിയന്ത്രിക്കുന്ന ഭാഗത്തുള്ള തലച്ചോറിലെ മുഴ മുഴുവനായി നീക്കം ചെയ്തു.

മൂന്ന് മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടത്. രോഗി സുഖംപ്രാപിച്ച് വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. രോഗി ഉണര്‍ന്നിരിക്കുമ്പോള്‍ ശസ്ത്രക്രിയ നടത്തി ട്യൂമര്‍ നീക്കംചെയ്യുമ്പോള്‍ രോഗിയുടെ തലച്ചോറില്‍ തകരാറുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. രോഗിയുമായി സംവദിച്ചുകൊണ്ടിരിക്കെ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ബലക്കുറവും മറ്റും മനസ്സിലാക്കി ട്യൂമര്‍ നീക്കംചെയ്യുകയാണ് ചെയ്യുന്നത്.

തലച്ചോറിനുള്ളില്‍ അനസ്‌തേഷ്യയൊന്നും നല്‍കാതെ തന്നെയാണ് ശസ്ത്രക്രിയ നടത്തുന്നത്. തലച്ചോറിലെ മര്‍മപ്രധാനമായ ഭാഗങ്ങളില്‍ ഉണര്‍ന്നിരിക്കുമ്പോഴുണ്ടാകുന്ന ചലനങ്ങള്‍ മനസ്സിലാക്കിയാണ് ശസ്ത്രക്രിയ നടത്തുന്നത്. ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. എംപി രാജീവന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഡോ. വിജയന്‍, ഡോ. രാധാകൃഷ്ണന്‍, ഡോ. റസ്വി, ഡോ. വിനീത്, ഡോ. ഷാനവാസ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തിട്ടുണ്ട്. ശസ്ത്രക്രിയയില്‍ പങ്കെടുത്ത കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രനും ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയനും അഭിനന്ദനങ്ങള്‍ നേര്‍ന്നു.

Exit mobile version