ഗ്രൂപ്പ് തര്‍ക്കവും നിലപാടുകളും തിരിച്ചടിയാകുന്നു; ചിറ്റാറിലെ രക്തസാക്ഷി കുടുംബവും കോണ്‍ഗ്രസിനെ കൈവിട്ടു, പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇടതുപക്ഷത്തേയ്ക്ക്

Group issue | Bignewslive

കോന്നി: ഗ്രൂപ്പ് തര്‍ക്കവും നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകുന്നു. ഇപ്പോള്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് കൊഴിഞ്ഞു പോവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷയോടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോന്നിയിലാണ് കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിടുന്നത്.

വര്‍ഷങ്ങളോളം കോണ്‍ഗ്രസ് നിലനിര്‍ത്തിയ മണ്ഡലം ഉപതെരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തിരുന്നു. ശേഷം എങ്ങനെയും കോന്നി തിരിച്ചു പിടിക്കണമെന്ന ലക്ഷ്യത്തില്‍ കോണ്‍ഗ്രസ് കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് ഗ്രൂപ്പ് തര്‍ക്കത്തിലും സ്വീകരിക്കുന്ന നിലപാടിലും പ്രതിഷേധിച്ചുള്ള പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്.

കോന്നി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട ചിറ്റാറിലെ രക്തസാക്ഷി കുടുംബമായ കുളത്തിങ്കല്‍-പ്ലാത്താനം കുടുംബം കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രക്തസാക്ഷി കുടുംബാംഗമായ സജി കുളത്തിങ്കലിന് പഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കാതെ അടൂര്‍ പ്രകാശ്-റോബിന്‍പീറ്റര്‍ പക്ഷക്കാര്‍ അവഗണിച്ചതോടെ ചിറ്റാറിലെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.

പിന്നീട് ഇടതുപക്ഷ പിന്തുണയോടെയായിരുന്നു സജി പഞ്ചായത്ത് പ്രസിഡന്റായത്. ഇതോടെ ആയിരത്തോളം വോട്ടുള്ള കുടുംബത്തിന്റെ പിന്തുണയും ഇടതുപക്ഷത്തിലേയ്ക്ക് മാറി. സജി കുളത്തിങ്കലിന് ഒപ്പം നില്‍ക്കുന്ന മൂവായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അടൂര്‍ പ്രകാശ്, റോബിന്‍ പീറ്റര്‍ പക്ഷക്കാരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇടതുപക്ഷത്തിന് ഒപ്പം പ്രവര്‍ത്തിക്കുകയായിരുന്നു.

Exit mobile version