ആലപ്പുഴ ബൈപ്പാസില്‍ 5 മീറ്ററോളം നീളത്തില്‍ വിള്ളല്‍; വിള്ളല്‍ കണ്ടെത്തിയത് ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ച ഭാഗത്ത്

Alappuzha bypass | Bignewslive

ആലപ്പുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്ഥ്യമായ ആലപ്പുഴ ബൈപ്പാസില്‍ അഞ്ച് മീറ്ററളം നീളത്തില്‍ വിള്ളല്‍ കണ്ടെത്തി. മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ബൈപ്പാസിന്റ ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ച ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്.

വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ദേശീയപാത ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. അതേസമയം, ബൈപ്പാസിന് തകരാറില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. എന്നാല്‍ ഇപ്പോഴുള്ള വിള്ളല്‍ വലുതാവുകമോ എന്ന സംശയം നിലനില്‍ക്കെ, രണ്ടാഴ്ച നിരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു.

പ്രൊഫോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. ബൈപാസ് തുറക്കുന്നതിന് മുന്നോടിയായി ഭാരപരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ തന്നെയാണ് പരിശോധനയും നടത്തിയത്. മൂന്ന് മണിക്കൂറോളമാണ് പരിശോധന നടത്തിയത്.

വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ട ദിവസം തന്നെ ദേശീയപാത വിഭാഗം പ്രാഥമിക പരിശോധന നടത്തിയിരുന്നു. പെയിന്റ് ഇളകിയതാണെന്നായിരുന്നു പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ സമാനമായ വിള്ളല്‍ പിന്നീട് പലഭാഗങ്ങളിലും കണ്ടതോടെ ദേശീയ പാത വിദഗ്ധ സംഘം പരിശോധന നടത്തുകയായിരുന്നു.

Exit mobile version