കൊവിഡ് ബാധിച്ച് വരന്‍ ചികിത്സയില്‍; വരനുവേണ്ടി വധുവിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത് സഹോദരി! വ്യത്യസ്തം ഈ വിവാഹം

Groom Covid | Bignewslive

കറ്റാനം: കൊവിഡ് ബാധിച്ച് വരന്‍ ചികിത്സയിലായതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം ചോദ്യചിഹ്നമായി. എന്നാല്‍, അതിന് പരിഹാരം കണ്ടത് ഏറെ വ്യത്യസ്ത രീതിയിലായിരുന്നു. ചികിത്സയില്‍ കഴിയുന്ന വരന് വേണ്ടി വധുവിന്റെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത് വരന്റെ അകന്ന ബന്ധത്തില്‍പ്പെട്ട സഹോദരിയാണ്.

കട്ടച്ചിറ കൊച്ചുവീട്ടില്‍ വടക്കതില്‍ തങ്കമണി – സുദര്‍ശനന്‍ ദമ്പതിമാരുടെ മകള്‍ സൗമ്യയുടെ വിവാഹമാണു വരന്റെ സാന്നിധ്യമില്ലാതെ നടത്തിയത്. വരന്‍ ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തില്‍ രാധാമണി – സുധാകരന്‍ ദമ്പതിമാരുടെ മകന്‍ സുജിത്ത് സുധാകരന്‍ മാവേലിക്കരയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കഴിയുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച പനിച്ചു തുടങ്ങി. ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കല്യാണ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ബന്ധുക്കള്‍ വരന്റെ സാന്നിധ്യമില്ലാതെ വിവാഹംനടത്താന്‍ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 11.20- നും 11.40- നും മധ്യേ ഭരണിക്കാവ് കട്ടച്ചിറ മുട്ടക്കുളം ക്ഷേത്രത്തില്‍ വെച്ച് വിവാഹച്ചടങ്ങ് നടന്നു. ചടങ്ങിനുശേഷം സുജിത്ത് വീഡിയോ കോളിലൂടെ വധുവിന് ആശംസകള്‍ നേരുകയും ചെയ്തു. സുജിത്തിന്റെ കുടുംബവും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.

Exit mobile version