‘ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍’ എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്’ വ്യാജപ്രചരണം നടത്തുന്ന സംഘപരിവാറിന് മന്ത്രി കടകംപള്ളിയുടെ മറുപടി

Kadakampally Surendran | Bignewslive

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പുതിയ അന്നദാന മണ്ഡപം കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്ന സംഘപരിവാറിന്റെ വ്യാജപ്രചരണത്തില്‍ വായടപ്പിച്ച് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം എന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ വന്നതോടെയാണ് മന്ത്രി മറുപടിയുമായി രംഗത്തെത്തിയത്. ‘മോഡി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതില്‍ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്.’ കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന സര്‍ക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിര്‍മ്മിക്കാന്‍ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്നായ ഇവിടെ ഒരേസമയം 5000 തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നല്‍കാന്‍ കഴിയും.
അപ്പോള്‍ മിത്രംസ്, ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതില്‍ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്.
പിണറായി വിജയന്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തിന്റേതെന്ന് ഗീര്‍വാണം അടിക്കുന്നവരോട് ഒരു പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കാം. ”ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍’ എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്.
– കടകംപള്ളി സുരേന്ദ്രൻ

Exit mobile version