പാലക്കാട് കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരിച്ചു

തൃശ്ശൂര്‍: പാലക്കാട് കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരിച്ചു. 61 വയാസിയരുന്നു. തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 7.45-ഓടെയാണ് മരണപ്പെട്ടത്. കൊവിഡ് ബാധിതനായതിന് ശേഷം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ മരുന്നുകളോടും പ്രതികരിക്കാതെയായി.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഡിസംബര്‍ 11നാണ് അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വേലായുധന്‍ – താത്ത ദമ്പതികളുടെ മകനായി 1959-ല്‍ പാലക്കാട്ടെ എലപ്പുള്ളിയിലാണ് ജനനം. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയത്. സിപിഎം സിറ്റി ബ്രാഞ്ച് മെംമ്പറായി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം തെനാരി ക്ഷീരോത്പാദകസംഘത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ഇടക്കാലത്ത് സിപിഎം ചിറ്റൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന കെവി വിജയദാസ് ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി എപ്പോഴും മുന്‍പന്തിയില്‍ നിന്നിരുന്നു. മികച്ച സഹകാരിയും കര്‍ഷകനുമാണ്. 2011 മുതല്‍ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെവി വിജയദാസ് മണ്ഡലത്തില്‍ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തേനാരി ക്ഷീരോല്‍പാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം സിപിഎം എലപ്പുള്ളി ലോക്കല്‍ സെക്രട്ടറിയായിരുന്ന വിജയദാസ് പുതുശേരി, ചിറ്റൂര്‍ ഏരിയ സെക്രട്ടറി ചുമതല വഹിച്ചിരുന്നു.

Exit mobile version