അഞ്ച് വര്‍ഷകാലയളവില്‍ ലഭിച്ച പൊന്നാടകള്‍ 75 വയസ് പിന്നിട്ടവര്‍ക്ക് സമ്മാനിച്ച് മന്ത്രി ജി സുധാകരന്‍; ഉപഹാരങ്ങളും ക്ഷണക്കത്തുകളും ബാഡ്ജുകളുമായി വന്‍ ശേഖരം

അമ്പലപ്പുഴ: പൊതുപ്രവര്‍ത്തകര്‍ക്ക് വേദികളിലെത്തുമ്പോള്‍ പൊന്നാടയായും പുസ്തകങ്ങളും മറ്റുമായി നിരവധി ഉപഹാരങ്ങള്‍ ലഭിക്കാറുണ്ട്. അതെല്ലാം ആ വേദയില്‍ തന്നെ കൈമാറുന്നവരാണ് അധികവും. എന്നാല്‍ അതില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് മന്ത്രി ജി സുധാകരന്‍. ഉപഹാരങ്ങളും പൊന്നാടയും ലഭിച്ച ബാഡ്ജും ക്ഷണക്കത്തുകളും മറ്റുമായി വന്‍ ശേഖരം തന്നെയാണ് മന്ത്രിക്കുള്ളത്.

ഇപ്പോള്‍, മണ്ഡലത്തിലെ 75 വയസ്സുപിന്നിട്ടവര്‍ക്ക് പൊന്നാടകള്‍ സമ്മാനിക്കുകയാണ് മന്ത്രി. തരുന്നയാളിന്റെ മുന്‍പില്‍വെച്ചുതന്നെ തിരിച്ചുനല്‍കിയാല്‍ അദ്ദേഹത്തിന് വിഷമമാകുമെന്നാണ് മന്ത്രിയുടെ പക്ഷം. ഇതിന്റെ അടിസ്ഥാനത്തില്‍ അവസരം കിട്ടുമ്പോള്‍ ആണ് അത് മറ്റുള്ളവര്‍ക്ക് അദ്ദേഹം സമ്മാനിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിട്ടിയ പൊന്നാടകളെല്ലാം കൂട്ടിവെച്ച് തന്റെ അയല്‍ക്കാരായ 85-കാരി ചെന്നയ്ക്കല്‍വെളി കൊച്ചുപെണ്ണിനും 83-കാരി തിരുവിളക്കില്‍ രാജമ്മയ്ക്കും പൊന്നാടകള്‍ നല്‍കി മന്ത്രിതന്നെ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

അമ്പലപ്പുഴ മണ്ഡലത്തില്‍ 75 വയസ്സുപിന്നിട്ടവര്‍ പതിനായിരം പേരുണ്ടെന്ന് മന്ത്രി പറഞ്ഞു. 3000 പൊന്നാടകളാണ് വിതരണത്തിനുള്ളത്. പുന്നപ്ര പറവൂര്‍ തൂക്കുകുളത്തെ എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, ഗ്രാമപ്പഞ്ചായത്തംഗം വിനോദ്കുമാര്‍ എന്നിവര്‍ക്കും പൊന്നാട നല്‍കി. ചടങ്ങ് റിപ്പോര്‍ട്ടുചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് വരെ പൊന്നാടകള്‍ സമ്മാനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഔദ്യോഗികവസതിയില്‍ തന്നെ അയ്യായിരത്തോളം ക്ഷണക്കത്തുകളാണ് മന്ത്രി സൂക്ഷിച്ചുവെച്ചിരിക്കുന്നത്. ബാഡ്ജുകളും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നതാണ് ഏറെ കൗതുകം. ഇരുപതുലക്ഷത്തോളം രൂപ വിലമതിക്കുന്ന ട്രോഫികളും പുസ്തകങ്ങളുമുണ്ട്. നാലുതവണ എംഎല്‍എയും അതില്‍ പത്തുവര്‍ഷം മന്ത്രിയുമായ സുധാകരന്‍ മുന്‍പും ഉപഹാരങ്ങള്‍ സമ്മാനമായി നല്‍കിയിട്ടുണ്ട്. 2015-ല്‍ ആറായിരത്തോളമെണ്ണം നല്‍കി. ആറായിരത്തിലേറെ പുസ്തകങ്ങള്‍ ഉപഹാരങ്ങളുടെ കൂട്ടത്തിലുണ്ട്. ഇത് ജന്മനാട്ടിലെ കരിമുളയ്ക്കല്‍ വായനശാലയ്ക്ക് നല്‍കുമെന്ന് മന്ത്രി പറയുന്നു.

Exit mobile version