മകന് അഞ്ചാം പിറന്നാള്‍, മാസങ്ങള്‍ക്കുള്ളില്‍ 16 കിലോ കുറച്ച് അച്ഛന്റെ സ്‌നേഹ സമ്മാനം; ഉള്ളംതൊടും കുറിപ്പുമായി സിബി ഗോപാലകൃഷ്ണന്‍

മകന്റെ പിറന്നാള്‍ ദിനത്തില്‍ സ്വന്തം ശരീരഭാരം 16 കിലോയോളം കുറച്ച് അച്ഛന്റെ സ്‌നേഹ സമ്മാനം. സെന്റ് ലൂസിയയില്‍ താമസിക്കുന്ന കരുനാഗപ്പള്ളി സ്വദേശി സിബി ഗോപാലകൃഷ്ണനാണ് മകന്റെ അഞ്ചാം പിറന്നാളില്‍ വ്യത്യസ്തമായ സമ്മാനം നല്‍കിയത്.

ആരോഗ്യം ശ്രദ്ധിക്കാതെയുള്ള ജീവിതരീതി അവസാനിപ്പിച്ച് ഭക്ഷണ നിയന്ത്രണവും വ്യായാമവും സമന്വയിപ്പിച്ചപ്പോള്‍ താന്‍ മാസങ്ങള്‍ക്കൊണ്ട് ചെറുപ്പമായെന്നും മകന് നല്‍കാനാവുന്ന വിലമതിക്കാനാവാത്ത സമ്മാനമാണിതെന്നും സിബി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഒമാർ..
എൻ്റെ പ്രിയപ്പെട്ട മകനേ..
ഇന്ന് നിന്റെ അഞ്ചാമത്തെ ജന്മദിനം.
നീയും ഞാനും പിന്നെയീ നീലാകാശവും, അതിലോടിയൊളിക്കുന്ന നക്ഷത്രക്കൂട്ടങ്ങളും, കോരിച്ചൊഴിഞ്ഞ മഴക്കാലവും, പൂക്കളും, പുഴകളും, നിനക്കായ് താരാട്ടുപാടിയ പക്ഷികളും, പിന്നെ നിൻ്റെ ലോകം മുഴുവൻ സുഗന്ധം പരത്തുന്ന ഈ അച്ഛൻ്റെ സ്നേഹചുംബനങ്ങളും കഴിഞ്ഞു പോയ എല്ലാ ദിവസങ്ങളിലും നിൻ്റെ കൂടെത്തന്നെ ഉണ്ടായിരുന്നതാണല്ലോ?..
അതിലുമൊക്കെ വലുതായി എന്താണ് ഈ ജന്മദിനത്തിൽ ഞാൻ നിനക്കായി കരുതി വയ്ക്കുക?.
ചെറിയ മനസ്സിൽ നീ കരുതിവച്ചേക്കാവുന്ന പ്രതീക്ഷയുടെ തുരുത്തുകൾ എനിക്ക് തീർത്തും അന്യവുമാണല്ലോ?.
പക്ഷേ ഈ നിമിഷം ഞാൻ എൻ്റെ മകനായ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെന്തായിരിക്കുമെന്ന് ചിന്തിച്ചു പോകുന്നു.
അതെങ്ങനെയായിരിക്കും?..
നീ എന്നെ ഓരോ ദിവസവും കൂടുതൽ ചെറുപ്പമാക്കണമെന്നാണോ?.
നിൻ്റെ സാമീപ്യം എന്നെ ജീവിതത്തോട് കൂടുതൽ മോഹമുള്ള ആളാക്കണമന്നായിരിക്കണമോ?.
ഈ ജന്മദിനത്തിൽ നിനക്കായി ഞാൻ എൻ്റെ മനോഹരമായ ചിത്രം തരുന്നു!..
ഇത് വെറുമൊരു ചിത്രമല്ല.. മറിച്ച് ആ ചിത്രത്തിലെ “ഞാൻ” ആണ് എൻ്റെ മകന് ഞാൻ നൽകുന്ന അമൂർത്തമെന്നും അമൂല്യമെന്നും ഞാൻ കരുതുന്ന സമ്മാനം!..
അലസമായ ദിനങ്ങളിലെ തെറ്റിപ്പോയ ദിനചര്യകൾ.
എൻ്റെ തൊഴിൽ സംബന്ധമായ യാത്രകൾ, മറ്റു സാമൂഹ്യ ഇടപെടലുകൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുത്തപ്പോൾ എനിക്ക് ഒട്ടും ശ്രദ്ധിക്കാൻ പറ്റാതെ പോയത് സ്വന്തം ആരോഗ്യമായിരുന്നു.
ശരീരഭാരം വല്ലാതെ കൂടുന്നുണ്ട് എന്ന് സുഹൃത്തുക്കളൊക്കെ നിരന്തരം ഓർമ്മിപ്പിക്കാറുണ്ടായിരുന്നെങ്കിലും, ഒരു ദിവസം ഏതോ അത്ഭുതമെന്ന വിധം ശരീര ഭാരം സാധാരണ നിലയിലാകും എന്ന മിഥ്യാധാരണയിൽ എന്തെങ്കിലും ഒക്കെ തമാശ പറഞ്ഞു അവരുടെ വായടപ്പിക്കുന്ന ശൈലി ആയിരുന്നു ഞാൻ അനുവർത്തിച്ചിരുന്നത്.
തടി കുറയുമ്പോൾ ധരിക്കാമെന്നു കരുതി വെച്ചിരുന്ന വസ്ത്രങ്ങൾ ഒക്കെ പഴകിത്തുടങ്ങി. പക്ഷെ തടി കൂടുന്നത് അല്ലാതെ കുറഞ്ഞു വന്നതുമില്ല.
അപ്പോഴാണ് സർവ്വനാശം വിതച്ചു കൊണ്ട് കൊറോണയുടെ വരവ്.
മാർച്ച് പകുതിയോടെ ജോലി ചെയ്യുന്ന സ്ഥാപനം താൽക്കാലികമായി അടയ്ക്കുന്നു. കർഫ്യൂ പ്രഖ്യാപിക്കുന്നു..
ജീവിതത്തിൻ്റെ താള മാറ്റത്തിനൊപ്പിച്ച് മാറ്റിപ്പിടിക്കുകയാണ്.
ആകെ പുറത്തിറങ്ങുന്നത് ഭാര്യയെ ആശുപത്രിയിൽ കൊണ്ട് വിടാനും തിരിച്ചു കൊണ്ടുവരാനും മാത്രം.
കോവിഡിനെ തുടർന്ന് വരുമാനം നിലച്ചതോടെ നേരത്തെ തന്നെ ഉണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമായതും, പ്രതീക്ഷയോടു കാത്തിരുന്ന പല കാര്യങ്ങളും ഉടനെ നടക്കില്ല എന്ന തിരിച്ചറിവും കൊണ്ടെത്തിച്ചത് വലിയ വലിയ മാനസിക സംഘർഷങ്ങളിലേക്കായിരുന്നു..
ടെൻഷനും, പിന്നെ ജീവിത രീതിയിലും,ശൈലിയിലും ഉണ്ടായ മാറ്റവും കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെകുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല.
അസ്വസ്ഥനായുള്ള ഉൾവലിയലിൽ സംശയം തോന്നിയ ഭാര്യ ബ്ലഡ് പ്രഷർ പരിശോധിക്കുമ്പോൾ 200 നു മുകളിൽ… അതായത് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ട തരത്തിലുള്ള ഉയർന്ന രക്ത സമ്മർദ്ദം നിൽക്കുന്ന അവസ്ഥ. ആശുപത്രിയിൽ എത്തി രണ്ടു പ്രാവശ്യം നടത്തിയ പരിശോധനയിലും ഹൃദയത്തിനു കുഴപ്പമില്ല. സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, മെമ്മറി ലോസ് തുടങ്ങിയ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു വലിയ അപകട ഘട്ടത്തിൻ്റെ തൊട്ടടുത്തു വരെയെത്തി എന്ന് മനസ്സിലായപ്പോൾ മനസ്സിൽ വന്ന മുഖം പ്രിയപ്പെട്ട മകന്റേത്.
സ്വന്തം ആരോഗ്യം ശ്രദ്ധിക്കാത്തത് കൊണ്ട് അവശനായിപ്പോയ,അല്ലെങ്കിൽ മരണപ്പെട്ട ഒരു അച്ഛൻറെ മകനായി അവൻ ജീവിക്കേണ്ടി വരുന്ന ഒരു ചിത്രം മനസ്സിനെ അലട്ടാൻ തുടങ്ങിയപ്പോളാണ് ആ തീരുമാനത്തിൽ എത്തിയത്.
ഭാരം കുറയ്ക്കുക.
ഭാരം കുറയ്ക്കുന്നത് വഴി മരണം ഒഴിവാക്കാൻ പറ്റില്ലായെങ്കിലും, അമിത വണ്ണം കൊണ്ട് ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ എങ്കിലും ഒഴിവാകുമല്ലോ എന്ന ചിന്തയും, ചില സുഹൃത്തുക്കളുടെ പ്രോത്സാഹനവും കൂടി ആയപ്പോൾ ജീവിതത്തിൽ ആദ്യമായി ഒരു ജിംനേഷ്യത്തിന്റെ പടി ചവിട്ടി..
കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ജിന്യേഷ്യങ്ങൾ അടച്ചിടാൻ സർക്കാർ നിർദ്ദേശം വന്നപ്പോൾ ആണ് ജോലി ചെയുന്ന സ്ഥാപനത്തിൽ അഞ്ചു വർഷത്തിലേറെയായി ഒരു ജിംനേഷ്യം ഉണ്ടല്ലോ എന്നാദ്യമായി ഓർക്കുന്നത് പോലും!..
കഴിഞ്ഞ നാലു മാസമായി ആഴ്ചയിൽ മൂന്നു ദിവസം ഒരു മണിക്കൂർ ജിംന്യേഷ്യത്തിൽ.
ഒപ്പം ഭക്ഷണ നിയന്ത്രണവും..
ലക്ഷ്യം ജനുവരി 11 എന്ന തീയതി എത്തുമ്പോൾ മൊത്തം ശരീര ഭാരത്തിന്റെ 15 ശതമാനം എങ്കിലും കുറയ്ക്കുക.
ഏകദേശം 16 കിലോയോളം.
എന്തുകൊണ്ട് ജനുവരി 11 എന്ന് ചോദിച്ചാൽ അന്നാണ് എൻ്റെ മകന്റെ ജന്മദിനം.
പിറന്നാൾ സമ്മാനമായി ചന്ദ്രനിൽ ഭൂമി വാങ്ങിക്കൊടുക്കുന്നത് മുതൽ വിലയേറിയ ആപ്പിൾ പ്രോഡക്റ്റുകൾ സമ്മാനമായി കൊടുക്കുന്നവരുണ്ടാകും.
അമിതവണ്ണത്തിൽ നിന്നും ഞാൻ കുറച്ച പതിനഞ്ച് കിലോ ഭാരമാണ് എന്റെ പാപഭാരം.
ആ ഭാരം കഴിച്ചുള്ള എൻ്റെ ഭൗതിക രൂപത്തിൻ്റെ ചിത്രം ഞാൻ ജന്മദിന സമ്മാനമായി എൻ്റെ മകന് നൽകുന്നു.
ലോകത്തിലെ ഏത് സമ്മാനത്തെക്കാളും വില പിടിപ്പ് ഉള്ളതാണ് ഈ സമ്മാനമെന്നും ഞാൻ കരുതുന്നു.
കാരണം ആരോഗ്യത്തിനേക്കാൾ വലിയയതായി മറ്റെന്താണുള്ളത്?..
പ്രിയപ്പെട്ട ഒമാർ..
വിശക്കുന്നവയറും
കാലിയായ പോക്കറ്റും
വേദനിക്കുന്ന ഹൃദയത്തിനുമെല്ലാമപ്പുറം ജീവിത പാഠങ്ങളിൽ ഓർത്തു വക്കാൻ ദുർമേദസ്സു കൂടിയുണ്ടെന്ന് എന്നെ
നീയാണ് പഠിപ്പിച്ചത്.
എൻ്റെ ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് പകരുന്ന ബോധം നീ തന്നതാണ്.
“സ്വന്തം ആരോഗ്യം ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ കുട്ടികളുടെ അവകാശമാകട്ടെ “..
നന്ദി..ഒമാർ..
എന്നെ കൂടുതൽ ചെറുപ്പമാക്കിയതിന്..
ജീവിതത്തോട് കൂടുതൽ മോഹമുള്ളവനാക്കി തീർത്തിന്.
നിൻ്റെ ചെറുനിഴലെൻ കൂട്ടിന് കൂടിയ നിമിഷം
മുതൽ ഞാനറിയുന്നീ ഭുവിൻ നെഞ്ചകം..
എൻ കാലൊച്ചയിൽ നിൻ ചുണ്ടിൽ വിരിയുമാ
പുഞ്ചിരിയിന്നെൻ്റെ ജീവിതം..
സ്നേഹചുംബനങ്ങളോടെ,
അച്ഛൻ..

Exit mobile version