‘ബാപ്പയുടെ കൈപിടിച്ച് യാത്ര പറഞ്ഞ് പോയത് ഇതിന് ആയിരുന്നോ മക്കളേ’ ചങ്ക് പൊട്ടി അമ്മ റജീന, തേങ്ങി നാട്

തിരുവനന്തപുരം: ‘ബാപ്പയുടെ കൈപിടിച്ച് യാത്ര പറഞ്ഞ് പോയത് ഇതിന് ആയിരുന്നോ മക്കളേ…എന്നെ തനിച്ചാക്കി നിങ്ങള്‍ പോയില്ലേ’ രണ്ട് ആണ്‍മക്കളുടെയും ഭര്‍ത്താവിന്റെയും ചലനമറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടി കരയുന്ന അമ്മ റജീന കണ്ണീര്‍ കാഴ്ചയാവുകയാണ്.

കരഞ്ഞ് തളര്‍ന്ന് വിറയ്ക്കുന്ന കൈകള്‍ കൊണ്ട് മക്കളുടെ മുഖത്ത് തൊടാനുള്ള ശ്രമം ബന്ധുക്കള്‍ തടഞ്ഞു. കരച്ചില്‍ അലര്‍ച്ച ആവുകയും ബോധം മറഞ്ഞ് തറയില്‍ കുഴഞ്ഞു വീഴുകയും ചെയ്ത റജീനയെ ബന്ധുക്കള്‍ താങ്ങി അകത്ത് കൊണ്ടു പോയി കിടത്തി.

ഇന്നലെ രാവിലെ വരെയും മക്കളെ കാണാനില്ലെന്നും ഉടന്‍ എത്തുമെന്നും ഉള്ള വാക്കുകള്‍ കേട്ട് ആശ്വസിച്ച് ഇരുന്ന റജീനക്ക് മൂന്ന് പേരുടെയും വേര്‍പാട് നെഞ്ച് തകര്‍ത്തു. അപ്രതീക്ഷിത വിയോഗം റജീനയെ ആകെ തളര്‍ത്തി. വി ജോയി എംഎല്‍എ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ള ധാരാളം പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

മൂന്നു പേരുടെയും മൃതദേഹങ്ങള്‍ നെടുമങ്ങാട് ആനാട് ചുള്ളിമാനൂര്‍ മുസ്ലീം പള്ളിയില്‍ ഖബര്‍ അടക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാവായിക്കുളത്ത് കൊണ്ടു വന്ന മൃതദേഹങ്ങള്‍ സബീറിന്റെ ഭാര്യ റജീന താമസിക്കുന്ന വൈരമല എആര്‍ മന്‍സിലില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷമാണ് കൊണ്ടു പോയത്.സബീറിന്റെ കുടുംബ സ്ഥലം ചുള്ളിമാനൂര്‍ ആയതിനാലാണ് അവിടെ ഖബര്‍ അടക്കാന്‍ തീരുമാനിച്ചത്.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.മൂത്ത മകന്‍ അല്‍ത്താഫി(12)നെ സബീര്‍ താമസിക്കുന്ന മംഗ്ലാവില്‍ വാതുക്കല്‍ വയലില്‍ വീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇളയ മകന്‍ അന്‍ഷാദി(9) നെയും കൊണ്ട് നാവായിക്കുളം വലിയ കുളത്തില്‍ ചാടുക ആയിരുന്നു. നാലു മാസമായി സബീറും ഭാര്യയും അകന്നു താമസിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ ആകാം കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു. നാവായിക്കുളം പട്ടാളം മുക്കിലെ ഓട്ടോ തൊഴിലാളിയായിരുന്നു സബീര്‍.

Exit mobile version