100ല്‍ താഴെ ആളുകള്‍; വിഐപികളും ആഢംബരവും ഇല്ലാതെ മന്ത്രിപുത്രന് മാംഗല്യം, മാതൃകയായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

Kadannappilly Ramachandran | Bignewslive

കണ്ണൂര്‍; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മകന്‍ മിഥുന്‍ വിവാഹിതനായി. കൊവിഡ് മഹാമാരിയുടെ അടിസ്ഥാനത്തിലും ലളിതമായി ചടങ്ങ് നടത്തണമെന്ന ആഗ്രഹത്താലും ആഢംബരങ്ങളില്ലാതെ നടത്തിയ വിവാഹത്തില്‍ പങ്കെടുത്തത് 100ല്‍ താഴെ മാത്രം ആളുകള്‍.

എത്രയും ലളിതമാക്കാമോ അത്രയുമാകാമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ മകന്‍ മിഥുന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. ശേഷം ആഢംബരം ഒഴിവാക്കി ഒരു ചെറിയ പരിപാടിയില്‍ വിവാഹം ഒതുക്കുകയായിരുന്നു. രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെയും ടിഎം സാവിത്രിയുടെയും ഏക മകനാണു മിഥുന്‍. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശിനി ബിജി ബാലനാണു വധു.

മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരെയും എംഎല്‍എമാരെയും വിവിധ പാര്‍ട്ടികളുടെ സംസ്ഥാന, ജില്ലാ നേതാക്കളെയുമെല്ലാം മന്ത്രി കല്യാണവിവരം അറിയിച്ചിരുന്നു. എന്നാല്‍, എല്ലാവരോടും ഒരഭ്യര്‍ഥന നടത്തി- പ്രാര്‍ഥനയും ആശംസയും മാത്രം മതി, സന്ദര്‍ശനം വേണ്ട! കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഒരു തരത്തിലും ഉണ്ടാകരുതെന്ന നിര്‍ബന്ധമായിരുന്നു ഒരു കാരണം. രണ്ടാമത്തേത്, ഏറ്റവും ലളിതമായി വിവാഹച്ചടങ്ങ് നടക്കണമെന്ന ആഗ്രഹവും. വേഷത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും ലാളിത്യമുണ്ടെന്നു കടന്നപ്പള്ളി തെളിയിച്ചു.

തിരുവനന്തപുരത്തെ ‘അവിയല്‍’ ഓര്‍ക്കസ്ട്രയിലെ ഡ്രമ്മറാണ് മിഥുന്‍. ഒരു വിഐപി പോലും പങ്കെടുക്കാതെയാണു വിവാഹച്ചടങ്ങ് നടത്തിയത്. കണ്ണൂര്‍ കിഴുന്നയിലെ കടലോരത്തുള്ള റിസോര്‍ട്ടിലെ ഓപ്പണ്‍ സ്റ്റേജിലാണ് വിവാഹച്ചടങ്ങ് നടത്തിയത്. നിലവിളക്കും തെങ്ങിന്‍പൂക്കുലയും കുറച്ചു പൂക്കളും മാത്രമായിരുന്നു വേദിയിലെ അലങ്കാരം.

അഞ്ചോ ആറോ പേരെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാവരും ബന്ധുക്കളായിരുന്നു. എപ്പോഴും കാണുന്ന വേഷത്തില്‍ അച്ഛന്റെ റോളില്‍ മന്ത്രി കടന്നപ്പള്ളിയും എത്തി. വധൂവരന്‍മാര്‍ ഒഴികെ, മന്ത്രിയടക്കം എല്ലാവരുടെയും മുഖത്ത് മാസ്‌ക്. വന്നവര്‍ക്കെല്ലാം ഇലയിട്ട് ഒരു സാദാ വെജിറ്റേറിയന്‍ സദ്യയും ഒരുക്കി.

മകന്റെ വിവാഹം നടന്നു കാണാനുള്ള ഏറെക്കാലത്തെ ആഗ്രഹവും പ്രാര്‍ഥനയുമാണു യാഥാര്‍ഥ്യമായതെന്നു മന്ത്രി പറഞ്ഞു. മിഥുനെപ്പോലെ ബിജിയും കലാകാരിയാണ്. ഭരതനാട്യത്തില്‍ രണ്ടാം റാങ്കോടെയാണു കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്നു പഠിച്ചിറങ്ങിയത്. ഇരുവരും ഇഷ്ടം അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ മനസ്സോടെ മന്ത്രി സമ്മതം മൂളുകയായിരുന്നു.

Exit mobile version