3 ദിവസം കിണറില്‍, 14 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം; ഒടുവില്‍ കിണറ് പിളര്‍ന്ന് ആനക്കുട്ടി പുറത്തേക്ക്, പക്ഷേ ആയുസുണ്ടായില്ല, കണ്ണീര്‍

കോഴിക്കോട്: മൂന്ന് ദിവസത്തിനൊടുവില്‍ രക്ഷപ്പെടുത്തിയ ആന ചരിഞ്ഞത് നാടിന്റെ ദുഃഖമായി മാറി. തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് കഴിഞ്ഞ ദിവസം ആന കിണറ്റില്‍ വീണത്. ഏറെ പരിശ്രമത്തിനൊടുവില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന കാട്ടിലേക്ക് പോകും വഴി ചരിയുകയായിരുന്നു. പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് നടത്തിയത്. ഒടുവില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറ് പിളര്‍ന്നാണ് ആനയെ രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച ആനയെ കാട്ടിലേക്കയച്ചിരുന്നുവെങ്കിലും അവശനായ ആന സമീപത്ത് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചികിത്സയും വനംവകുപ്പ് മരുന്നും വെളളവും എത്തിച്ചു നല്‍കി. അടുത്ത ദിവസത്തോടെ ആന കാടുകയറുമെന്ന പ്രതീക്ഷയായിരുന്നു വനംവകുപ്പിനും വെറ്റിനറി ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും. കിണറ്റിന്‍ നിന്ന് പുറത്തെത്തിച്ച ആനയ്ക്ക് ഗുരുതര പരിക്കുകളുണ്ടായിരുന്നില്ലെന്നും നിര്‍ജ്ജലീകരണമാണ് ആനയുടെ നില വഷളാക്കിയതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

പൊട്ടക്കിണറ് പരിസരത്തേക്ക് നാലുകിലോമീറ്ററുകളോളം നടന്നെത്തണമെന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ വെല്ലുവിളിയായത്. ഒട്ടേറെ പരിശ്രമങ്ങള്‍ക്ക് ശേഷം കിണറിന് സമീപത്തേക്ക് മണ്ണുമാന്തി എത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന കിണറായതിനാല്‍ കാട്ടാന വീണത് പുറത്തറിയാന്‍ വൈകുകയായിരുന്നു. ആന കിണറ്റില്‍ വീണിട്ട് മൂന്നുദിവസമായെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജോസുകുട്ടി എന്ന കര്‍ഷകന്റെ തോട്ടത്തിലെ പൊട്ടക്കിണറ്റിലാണ് ആന വീണത്. മുന്‍പ് പതിനഞ്ചോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന ജനവാസ മേഖലയായിരുന്നു ഇവിടം. കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടര്‍ന്ന് കുടുംബങ്ങള്‍ അവിടംവിട്ട് പോവുകയായിരുന്നു.

കടപ്പാട്; മാതൃഭൂമി

Exit mobile version