“സൗജന്യ കൊവിഡ് വാക്‌സിന്‍ മുന്‍ഗണനാ പട്ടികയിലെ മൂന്ന് കോടി പേര്‍ക്ക് മാത്രം”; നിലപാട് മാറ്റി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്ത് സൗജന്യ കൊവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തിലെ മുന്‍ഗണന പട്ടികയിലെ മൂന്ന് കോടി പേര്‍ക്ക് മാത്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ബാക്കിയുള്ള 27കോടി മുന്‍ഗണന വിഭാഗത്തില്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണമോ എന്നതില്‍ ജൂലൈയില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ രാജ്യത്ത് ഉടനീളം കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം പിന്‍വലിച്ച് വിഷയത്തില്‍ വ്യക്തത വരുത്തുകയായിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ടുകോടി പേര്‍ക്കും ഒരുകോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദ്യം സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

കൊവിഡ് വാക്സിന്‍ രാജ്യത്ത് ഉടനീളം സൗജന്യമായി നല്‍കുമെന്നായിരുന്നു നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞത്. ഡല്‍ഹി ജിറ്റിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തിലാണ് മന്ത്രി നിലപാട് മാറ്റിയത്.

അതേസമയം ദേശവ്യാപകമായി കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റണ്‍ നടന്നു. ഒരോ കുത്തിവെപ്പ് കേന്ദ്രത്തില്‍ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മോക്ക് വാക്സിന്‍ നല്‍കിയത്. കേരളത്തിലെ നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്.

Exit mobile version