ഷിഗെല്ല; കുട്ടികളുടെ മരണത്തിന് കാരണം തലച്ചോറിനെ ബാധിക്കുന്നതിനാല്‍, പുതിയ പഠനം ഇങ്ങനെ

Shigella | Bignewslive

കോഴിക്കോട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതോടെ അതീവജാഗ്രതയോടെയും മുന്‍കരുതലോടും കൂടിയാണ് സംസ്ഥാനം മുന്നോട്ടു പോവുന്നത്. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം കൂടുതലായാല്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. അതേ സമയം ഷിഗെല്ല രോഗം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതില്‍ പുതിയ പഠനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2016 – 19 കാലയളവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഷിഗെല്ലക്ക് ചികില്‍സ തേടിയ 58 കുട്ടികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീഡിയാട്രിക്ക്‌സ് ജേണലില്‍ പറയുന്നത് രോഗം തലച്ചോറിനെ ബാധിക്കുന്നത് മൂലമാണ് കുട്ടികള്‍ മരണപ്പെടുന്നത് എന്നാണ്. ഒരു വയസ്സ് മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളുടെ വിവരങ്ങളാണ് വിശകലനം ചെയ്തത്. രോഗം ബാധിക്കുന്നതിനെ തുടര്‍ന്ന് തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്യുന്നു. 12 മണിക്കൂറിലധികം അബോധാവസഥയിലാവുന്ന രോഗികളുടെ ഈ അവസ്ഥയ്ക്ക് ഷിഗെല്ല എന്‍സിഫലോപ്പതി എന്നാണ് പറയുന്നത്. കുട്ടികളെ മരണത്തിലേക്ക് നയിക്കുന്ന ഈ അവസ്ഥ മുതിര്‍ന്നവരില്‍ കാണാറില്ല.

അഞ്ചുവര്‍ഷത്തിനിടെ കോഴിക്കോട് ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുകയാണ്. ഷിഗെല്ല ബാക്ടീരിയയുടെ കൂടുതല്‍ മാരകമായ വകഭേദമായ ഷിഗെല്ല സോണിയയുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്ന് സംശയിക്കുന്ന ഡോക്ടര്‍മാര്‍ ഇതില്‍ വിശദപഠനം ആവശ്യമാണെന്നും പറയുന്നു.

മലത്തില്‍ രക്തം കാണുമ്പോഴാണ് ആദ്യം ഷിഗെല്ലക്ക് ചികില്‍സ തേടിയിരുന്നത്. എന്നാല്‍ കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പത്തുശതമാനത്തില്‍ മാത്രം കുട്ടികള്‍ക്കാണ് ഈ അവസ്ഥ കാണപ്പെട്ടത്. അതുകൊണ്ട് തന്നെ വയറിളക്കം വന്ന് ഒന്നുരണ്ടു ദിവസത്തിനകം കുട്ടികളില്‍ ചുഴലിയോ മറ്റെന്തിങ്കിലും അസ്വസ്ഥകളോ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Exit mobile version