അഭിമന്യുവിന്റെ സ്മാരകം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു; നിറകണ്ണുകളോടെ കുടുംബം

abhimanyu | bignewslive

കൊച്ചി: മഹാരാജാസ് ക്യാംപസില്‍ കുത്തേറ്റ് മരിച്ച രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുളള സ്മാരകം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. എറണാകുളം കലൂരില്‍ നിര്‍മ്മിച്ച അഭിമന്യു സ്മാരക മന്ദിരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു അഭിമന്യുവെന്ന് സ്മാരകം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. നെഞ്ചില്‍ കഠാര കുത്തിയിറക്കിയായിരുന്നു ക്രൂരത. കൊച്ചി കലൂരില്‍ അഭിമന്യുവിന്റെ പേരില്‍ സ്റ്റഡി സെന്റര്‍ സ്ഥാപിച്ചു. അഭിമന്യു സ്മാരക ശിലാഫലകവും മന്ദിരത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

മകന്റെ പേരില്‍ പണികഴിപ്പിച്ച സ്മാരക മന്ദിരം കാണാന്‍ അഭിമന്യുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും വട്ടവടയില്‍ നിന്നും എത്തിയിരുന്നു. കണ്ണീരോടെയായിരുന്നു അവര്‍ ചടങ്ങില്‍ പങ്കെടുത്തത്. അഭിമന്യുവിന്റെ പേരില്‍ സ്മാരകം നിര്‍മ്മിച്ചതില്‍ സന്തോഷമുണ്ടെന്ന് സഹോദരന്‍ പറഞ്ഞു.

സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച തുക കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് കലൂരില്‍ ആറര സെന്റ് ഭൂമിയില്‍ പഠനത്തിനും തൊഴില്‍ പരിശീലനത്തിനുമുളള കേന്ദ്രമായി അഭിമന്യു സ്മാരക മന്ദിരം തീര്‍ത്തത്.

Exit mobile version