മകരവിളക്ക്; ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

പത്തനംതിട്ട: മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ശ്രീകോവില്‍ വലംവെച്ച് എത്തുന്ന തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയും മണിയടിച്ച് നടതുറക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കമാകും.

അതേസമയം ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടാകില്ല. നാളെ പുലര്‍ച്ചെ അഞ്ചിന് നട തുറക്കുന്നതോടെ പതിവ് പൂജകള്‍ ആരംഭിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് ദര്‍ശനം നടത്താം. ജനുവരി 14നാണ് മകരവിളക്ക്. 19 വരെയാണ് ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ ആവുക. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇത്തവണ ദര്‍ശനത്തിന് അനുമതിയുള്ളത്.

ദിവസം 5000 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ ദര്‍ശനത്തിനായി പമ്പയിലേക്കു പോകാന്‍ അനുവദിക്കൂ. ജനുവരി 20 ന് രാവിലെ, പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയ ശേഷം ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട അടയ്ക്കും.

Exit mobile version