വിവാഹ ചിത്രം പരന്നതും, പ്രായകൂടുതലും മാത്രമായിരുന്നില്ല; കുഞ്ഞ് വേണമെന്ന ശാഖാകുമാരിയുടെ ആഗ്രഹവും പ്രകോപിപ്പിച്ചു! അരുണ്‍ വിവാഹം കഴിച്ചത് അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കളും

വെള്ളറട: കാരക്കോണത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു മധ്യവയസ്‌ക ശാഖകുമാരിയുടേത്. പണത്തിനോടുള്ള അരുണിന്റെ അത്യാര്‍ത്തിയാണ് ശാഖയുടെ മരണത്തിന് ഇടയാക്കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 26കാരനായിരുന്നു അരുണ്‍. ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ കൂടിയാണ് ചര്‍ച്ചയാവുന്നത്.

തന്നേക്കാള്‍ പ്രായം കൂടിയ ആളെ വിവാഹം കഴിച്ചത് പണം കണ്ടിട്ടാണെങ്കിലും പ്രായകൂടുതല്‍ അരുണിനെ അലട്ടിയിരുന്നു. കൂടാതെ വിവാഹ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പരന്നതും അരുണിനെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശാഖാകുമാരിയെ കൊലപ്പെടുത്താന്‍ തുനിഞ്ഞത്. ഇതിന് പുറമെ, ശാഖാകുമാരി കുഞ്ഞിനെ ആഗ്രഹിച്ചിരുന്നതും ചൊടിപ്പിച്ചു. ഇതെല്ലാം ഒഴിവാക്കാന്‍ വേണ്ടിയാണ് അരുണ്‍ ശാഖാകുമാരിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

അതേസമയം, മകന്‍ അരുണ്‍ വിവാഹിതനായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കള്‍ പ്രതികരിക്കുന്നു. കൊലപാതകവിവരം പത്രങ്ങളില്‍ കണ്ടപ്പോഴാണ് മകന്‍ വിവാഹിതനായ വിവരം അറിഞ്ഞതെന്ന് അരുണിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. വിവാഹത്തിനുമുമ്പേ ശാഖയില്‍നിന്ന് പലതവണ സാമ്പത്തികസഹായങ്ങള്‍ വാങ്ങിയിരുന്നു.

കാരക്കോണം ത്രേസ്യാപുരത്തെ വലിയ സാമ്പത്തികശേഷിയുള്ള പരേതനായ ആല്‍ബര്‍ട്ടിന്റെയും ഫിലോമിനയുടെയും മകളാണ് ശാഖാകുമാരി. ഇരുവരുമായുള്ള ബന്ധം നാട്ടുകാരിലും ബന്ധുക്കളിലും പരക്കെ സംസാരവിഷയമായതോടെയാണ് അരുണ്‍ ശാഖയെ വിവാഹം ചെയ്തത്. വിവാഹനിശ്ചയം മുതല്‍തന്നെ ഒഴിഞ്ഞുമാറാന്‍ അരുണ്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതെല്ലാം വിഫലമായതിനെ തുടര്‍ന്നാണ് വിവാഹം നടന്നത്. കല്യാണത്തിന് ആള്‍ കൂടിയതും ഫോട്ടോയും വിഡിയോയും മറ്റും ഉണ്ടായിരുന്നതും അരുണിനെ അന്നേ അസ്വസ്ഥനാക്കി. കല്യാണ ആല്‍ബത്തിലെ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ ഇടാനുള്ള ശാഖയുടെ ശ്രമത്തിലും അരുണ്‍ കുപിതനായിരുന്നു. അരുണിന്റെ സ്വഭാവവൈകല്യം കണ്ട് തന്നെ ഉപേക്ഷിച്ചേക്കുമെന്ന് ശാഖ ഭയന്നിരുന്നു. അരുണില്‍നിന്ന് കുഞ്ഞ് പിറന്നാല്‍ ഉപേക്ഷിച്ചുപോയേക്കില്ലെന്നായിരുന്നു അവരുടെ പ്രതീക്ഷ. ഇത് നിരസിച്ച അരുണുമായി മിക്ക രാത്രിയിലും പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ക്രിസ്മസ് രാത്രിയിലും ഇതേചൊല്ലി വഴക്കിട്ടിരുന്നു. ശേഷം വഴക്ക് കൈയ്യാങ്കളിയിലേയ്ക്ക് മാറി. അരുണിന്റെ ഇടിയേറ്റ് കട്ടിലില്‍നിന്ന് താഴേക്ക് വീണ് ശാഖയുടെ മൂക്ക് മുറിഞ്ഞ് രക്തം ഒഴുകി. തുടര്‍ന്ന് മുഖം അമര്‍ത്തി ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം ബഡ്റൂമില്‍നിന്ന് വലിച്ചിഴച്ച് ഹാളില്‍ എത്തിച്ച ശേഷം വീടിന്റെ വെളിയിലൂടെ ഇവിടേക്ക് ഇലക്ട്രിക് വയര്‍ കൊണ്ടുവന്ന് ശരീരത്തില്‍ ഘടിപ്പിച്ച് വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ മൊഴി നല്‍കി. ഇതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

Exit mobile version