ഏലം കര്‍ഷകര്‍ക്ക് ഇതാ ഒരു തകര്‍പ്പന്‍ യന്ത്രം: തോട്ടങ്ങളില്‍ മണ്ണും വളവും നീക്കാനും കീടനാശിനി തളിക്കാനുമുള്ള യന്ത്രവുമായി മനു ജോസഫ്

cardamom farmers | Bignewslive

കൊവിഡ് മഹാമാരി ലോകം മൊത്തം നാശം വിതച്ചപ്പോള്‍ ജീവിതം സ്തംഭിച്ചു പോയവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. അതിലൊരാളാണ് കൊച്ചറ കായലില്‍ വീട്ടില്‍ മനു ജോസഫ്. കൊവിഡ് മൂലം പതിനഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തിയതാണ് ഇദ്ദേഹം. തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങിലും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനിലും ഡിപ്ലോമ കഴിഞ്ഞ മനുവിന് ഒരു വേറിട്ട ചിന്ത വന്നത്.

ഒരുപാട് ആലോചനകള്‍ക്ക് ശേഷം ഏലം കര്‍ഷകര്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു യന്ത്രം ഉണ്ടാക്കിയാലോ എന്നു തീരുമാനിച്ചത്. പിന്നീടൊന്നും ആലോചിക്കാതെ അതിനു വേണ്ടിയുള്ള ശ്രമം തുടങ്ങി. കര്‍ഷകരുടെ അധ്വാനം കുറച്ച് വളരെ വേഗത്തില്‍ തൊഴിലെടുക്കുന്ന ഒരു യന്ത്രം എന്നതായിരുന്നു ലക്ഷ്യം.

ആറുമാസത്തെ കഠിനശ്രമത്തിനൊടുവില്‍ ‘എഡ്വിന്‍ അഗ്രോകാര്‍ട്ട് എന്ന് പേരിട്ട യന്ത്രം റെഡി. പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം കൊണ്ട് മണ്ണും വളവും നീക്കാനും കീടനാശിനി തളിക്കാനും കഴിയും. വളരെ എളുപ്പത്തില്‍ കൈക്കാണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. കൂടാതെ വലുപ്പം കുറവായതിനാല്‍ കൃഷിയിടത്തില്‍ എവിടെ വേണമെങ്കിലും എത്തിക്കാവുന്നതാണ്.

65,000 രൂപയാണ് യന്ത്രത്തിന്റെ നിര്‍മാണചിലവ്. യന്ത്രത്തിന് പേറ്റന്റ്റ് എടുത്തതോടെ വാണിജ്യാടിസ്ഥാനത്തില്‍ യന്ത്രം നിര്‍മ്മിച്ച് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മനു. ആദ്യത്തെ പരീക്ഷണം തന്നെ വിജയമായതോടെ ഏലത്തോട്ടത്തില്‍ കിളയ്ക്കുന്നതിനും മണ്ണുവിരിക്കുന്നതിനും വേണ്ടിയുള്ള മറ്റൊരു യന്ത്രം നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ചെറുപ്പക്കാരന്‍. യന്ത്രത്തെകുറിച്ച് അറിഞ്ഞ നിരവധി കര്‍ഷകരായ സമീപവാസികള്‍ മനുവിനോട് ആവശ്യമറിയിച്ചിട്ടുണ്ട്.

Exit mobile version