വാസം ഇനി മഠത്തില്‍ അല്ല, ഇരുമ്പഴിക്കുള്ളില്‍; ഫാ. കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും, സിസ്റ്റര്‍ സെഫി അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലേയ്ക്കും

Sis Abhaya murder case | Bignewslive

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലിലേയ്ക്ക് മാറ്റി. കേസില്‍ ഒന്നാം പ്രതിയായ ഫാ. തോമസ് എം കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്കും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേയ്ക്കുമാണ് മാറ്റിയത്. കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷമാണ് ഇരുവരെയും ജയിലിലേയ്ക്ക് മാറ്റിയത്.

അഭയ കൊലക്കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവുമാണ് കോടതി ശിക്ഷ വിധിച്ചത്. നീണ്ട 28 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂലമായ വിധിയെത്തിയത്.

തടവ് ശിക്ഷയ്‌ക്കൊപ്പം തോമസ് കോട്ടൂര്‍ ആകെ ആറര ലക്ഷം രൂപയും സിസ്റ്റര്‍ സെഫി അഞ്ചര ലക്ഷം രൂപയും പിഴ അടയ്ക്കണം. കൊലക്കുറ്റത്തിന് ഫാ. തോമസ് കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴയും കോടതി വിധിച്ചു.

സിസ്റ്റര്‍ സെഫിക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിച്ച കുറ്റത്തിന് സിസ്റ്റര്‍ സെഫിയും ഏഴ് വര്‍ഷം തടവ് വേറെ അനുഭവിക്കണം. 50000 രൂപ പിഴയും അടയ്ക്കണം.

Exit mobile version