ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് തോറ്റു; നഷ്ടപ്പെടുത്തിയത് ബിജെപിക്ക് ആകെ ഉണ്ടായിരുന്ന സിറ്റിങ് സീറ്റ്

s suresh, bjp, tvm | bignewslive

തിരുവനനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് തോറ്റു. വെങ്ങാനൂര്‍ ഡിവിഷനിലെ ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് സുരേഷ് പരാജയപ്പെട്ടത്. രണ്ടായിരത്തിലധികം വോട്ടുകള്‍ക്കാണ് ബിജെപി ജില്ലാ സെക്രട്ടറി കൂടിയായ സുരേഷ് പരാജയപ്പെട്ടത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി എല്‍ജെഡിയുടെ ഭഗത് റൂഫസാണ് സുരേഷിനെ തോല്‍പ്പിച്ചത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്.ഉദയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ ബിജെപിക്കുണ്ടായ ഏക സിറ്റിങ് സീറ്റായിരുന്നു വെങ്ങാനൂര്‍ ഡിവിഷന്‍. 2010-ലും സുരേഷ് ഇതേ വാര്‍ഡില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു.

തൃശൂര്‍ കോര്‍പ്പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനും പരാജയപ്പെട്ടു. 241 വോട്ടിനാണ് ഗോപാലകൃഷ്ണന്‍ തോറ്റത്. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഗോപാലകൃഷ്ണന്‍ തോറ്റത്. വോട്ടുകള്‍ എണ്ണി തുടങ്ങിയ സമയം മുതല്‍ കുട്ടന്‍കുളങ്ങരയില്‍ നിന്നും മത്സരിച്ച ഗോപാലകൃഷ്ണന് ലീഡ് നേടാനായിരുന്നില്ല. തപാല്‍ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ തന്നെ ബി. ഗോപാലകൃഷ്ണന്‍ പിന്നിലായിരുന്നു.

തെരഞ്ഞെടുപ്പില്‍ താന്‍ തോല്‍ക്കുമെന്നതിന്റെ സൂചനകള്‍ ഗോപാലകൃഷ്ണന്‍ തന്നെ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. തനിക്കെതിരെ സിപിഎം കോണ്‍ഗ്രസിന് വോട്ടു മറിച്ചെന്നും ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Exit mobile version