വേദനയും മുറിവുകളുമുണ്ട്, എടീ എന്നൊരു വിളിയില്‍ ഓടി വരും, കൈ തരും, പിന്നാലെ നടന്ന് സ്‌നേഹ പ്രകടനവും; ഈ പട്ടിക്കുട്ടി ഇവിടെ സുരക്ഷിത, ദത്തെടുക്കാന്‍ ആളുണ്ടോ…?

dog secured | bignewslive

കൊച്ചി: കിലോമീറ്ററുകളോളം കെട്ടിവലിച്ചതിന്റെ പാടും വേദനയും ചെറിയ മുറിവുകളും ഉണ്ടെങ്കിലും സുരക്ഷിതയായി ഓടിനടക്കുകയാണ് ആ പട്ടിക്കുട്ടി. ”എടീയെന്ന് വിളിക്കുമ്പോള്‍ പിന്നില്‍ നിന്ന് മാറുന്നില്ല. ഓടി വരും. ഇന്നലെ മുതല്‍ കൈയ്യൊക്കെ തരുന്നുണ്ട്. ഭക്ഷണം കൊടുക്കുമ്പോ സന്തോഷമാണ്. ഷേക്ക് ഹാന്‍ഡൊക്കെ തന്ന് എന്റെ പിന്നാലെ നടന്ന് കിടക്കയില്‍ കിടന്നു, പിന്നെ സെറ്റിയില്‍ കിടന്നു. നമ്മളെ വിട്ട് പോകാതെ നടക്കുവാണ്”, കൊച്ചിയിലെ ദയ എന്ന ആനിമല്‍ വെല്‍ഫെയര്‍ അസോസിയേഷനിലെ പ്രവര്‍ത്തകര്‍ പറയുന്നു.

വേദനകളുണ്ടെങ്കിലും സുരക്ഷിതയായതിന്റെ സന്തേഷത്തിലാണ് ഇവളുംയ ദേഹത്ത് തടവുമ്പോള്‍ വാലാട്ടി സന്തോഷത്തോടെ ഇരിക്കുകയാണ് ഉടമയുടെ ക്രൂരമായ പീഡനത്തിനിരയായ മൂന്ന് വയസ്സോളം പ്രായമുള്ള ഈ പട്ടിക്കുട്ടി. എറണാകുളം പറവൂരില്‍ ഈ പട്ടിക്കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുക്കിയ ശേഷം റോഡിലൂടെ കാറില്‍ കെട്ടിവലിച്ചത് ഉടമ തന്നെയായിരുന്നു. കണ്ണില്ലാത്ത ക്രൂരത സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരുന്നു.

ഇന്നലെ രാവിലെ നാട്ടുകാരാണ് മിണ്ടാപ്രാണിയോട് കാണിച്ച ഈ കണ്ണില്ലാത്ത ക്രൂരത കണ്ട് വാഹനം തടഞ്ഞുനിര്‍ത്തി ഈ പട്ടിക്കുട്ടിയെ രക്ഷിച്ചത്. ഒളിവില്‍പ്പോയ ഉടമ എറണാകുളം കുന്നുകര ചാലാക്ക സ്വദേശി യൂസഫിനെ വൈകിട്ടോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിന് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്നാണ് യൂസഫിന്റെ വാദം.

അതേസമയം, ഇവളെ ഏറ്റെടുക്കാന്‍ വരുന്നവര്‍ക്ക് കൈമാറാനും തീരുമാനമുണ്ട്. ആദ്യം ഇവളെ ആരോഗ്യവതിയാക്കിയ ശേഷം ദത്തെടുക്കാന്‍ നല്‍കണോ, അതോ ഇവിടെത്തന്നെ വളര്‍ത്തണോ എന്ന കാര്യം തീരുമാനിക്കുമെന്നാണ് ദയയിലെ പ്രവര്‍ത്തകര്‍ പറയുന്നത്. നിറഞ്ഞ മനസോടെ നോക്കാനും സംരക്ഷിക്കാനും താല്‍പര്യം പ്രകടപ്പിച്ച് എത്തുന്നവര്‍ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.

Exit mobile version