സുരക്ഷിത സമ്പാദ്യം നോക്കുന്നോ, എങ്കില്‍ സമീപിക്കാം പോസ്റ്റ് ഓഫീസിനെ, മാസം 10,000 നിക്ഷേപിച്ചാല്‍ സമ്പാദിക്കാം 16 ലക്ഷം രൂപ വരെ

post office recurring deposit | Bignewslive

സുരക്ഷിതമായ സമ്പാദ്യം നോക്കുന്നവരാണ് നാം. എന്നാല്‍ സുരക്ഷിതമായ സമ്പാദ്യം ഇന്നും ആശയക്കുഴപ്പമായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പ്രാധാന്യം ചര്‍ച്ച ചെയ്യപ്പെടുകയാണ്.

സുരക്ഷിതമായ നിക്ഷേപം വിശ്വസിക്കുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ ഏറ്റവും അനുയോജ്യമാണ്. ചില ബാങ്കുകള്‍ പോസ്‌റ്റോഫീസിനേക്കാള്‍ മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്.

5 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് (ആര്‍ഡി) പദ്ധതിയുടെ വിവരങ്ങള്‍ ഇങ്ങനെ;

ആര്‍ഡിയില്‍ ആദ്യം ആര്‍ക്കൊക്കെ നിക്ഷേപിക്കാമെന്നാണ് ആദ്യം ഉയരുന്ന സംശയം. ഒരാള്‍ക്ക് ഒറ്റയ്ക്കും , ജോയിന്റ് അക്കൗണ്ടായി മൂന്ന് പേര്‍ക്ക് വരെയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി രക്ഷകര്‍ത്താക്കള്‍ക്കും 10 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തം പേരിലും അക്കൗണ്ടുകള്‍ തുടങ്ങാനാവുന്നതാണ്. പ്രതിമാസം കുറഞ്ഞത് 100 രൂപ അല്ലെങ്കില്‍ 10 രൂപയുടെ ഗുണിതങ്ങളില്‍ നിക്ഷേപം നടത്താവുന്നതാണ്. പരമാവധി നിക്ഷേപ പരിധിയില്ല. കാര്‍ഡ് അല്ലെങ്കില്‍ ചെക്ക് വഴിയും അക്കൗണ്ട് തുറക്കാന്‍ സാധിക്കും.

റിക്കറിംഗ് ഡെപ്പോസിറ്റുകാര്‍ക്ക് ഏപ്രില്‍ 1 മുതല്‍, പ്രതിവര്‍ഷം 5.8% പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീമില്‍ നിന്ന് ലഭിക്കുക. 3 വര്‍ഷത്തിനുശേഷം പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ട് ക്ലോസ് ചെയ്യാം. കാലാവധി പൂര്‍ത്തിയാകുന്നതിന് ഒരു ദിവസം മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പോലും സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കിനെ ബാധിക്കും.

പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ട് തുറക്കുന്ന തീയതി മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ അക്കൗണ്ടിന്റെ കാലാവധി അവസാനിക്കും. കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ നിക്ഷേപം നടത്താതെ തന്നെ 5 വര്‍ഷം വരെ ആര്‍ഡി അക്കൗണ്ട് നിലനിര്‍ത്താവുന്നതാണ്. ബന്ധപ്പെട്ട പോസ്‌റ്റോഫീസില്‍ അപേക്ഷ നല്‍കി അക്കൗണ്ട് 5 വര്‍ഷത്തേയ്ക്ക് കൂടി നീട്ടാനും സൗകര്യമുണ്ട്. വിപുലീകരണ സമയത്തും അക്കൗണ്ട് തുറന്ന സമയത്തെ പലിശ നിങ്ങള്‍ക്ക് ലഭിക്കും. വിപുലീകരണ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കുന്നതാണ്.

10 വര്‍ഷത്തേയ്ക്ക് ഓരോ മാസവും 10,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് 16 ലക്ഷം രൂപ വരെ ലഭിച്ചേക്കാവുന്നതാണ്. അഞ്ച് വര്‍ഷത്തേയ്ക്ക് എല്ലാ മാസവും 10,000 രൂപ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 7 ലക്ഷം രൂപയോളം ലഭിക്കും. 10 വര്‍ഷത്തേയ്ക്ക് പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാല്‍ 8 ലക്ഷം രൂപയില്‍ കൂടുതല്‍ സമ്പാദിക്കാന്‍ സാധിക്കും.

Exit mobile version