തെറ്റായ കൊവിഡ് വിവരങ്ങള്‍ നല്‍കിയ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും; തൃശ്ശൂര്‍ കളക്ടര്‍

COVID TEST, lab licence,cancel, trisur, collector

തൃശ്ശൂര്‍: കൊവിഡ് പോസിറ്റീവ് രോഗികളെ സംബന്ധിച്ച് മേല്‍വിലാസമടക്കം ശരിയായ വിവരങ്ങള്‍ നല്‍കാത്ത സ്വകാര്യ മെഡിക്കല്‍ ലാബറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് തൃശ്ശൂര്‍ ജില്ല കളക്ടര്‍. കൊവിഡ് പോസിറ്റീവ് വ്യക്തികളെ സംബന്ധിച്ച് ലാബുകള്‍ ശരിയായ വിവരശേഖരണം നടത്താത്തത് മൂലം ഇവര്‍ ഉള്‍ക്കൊള്ളുന്ന സര്‍ട്ടിഫൈഡ് വോട്ടര്‍ പട്ടിക തയാറാക്കാനാകാത്ത സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്.

സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കുന്നതിനായി സര്‍ട്ടിഫൈഡ് വോട്ടര്‍ പട്ടിക തയാറാക്കുന്ന ഘട്ടത്തിലാണ് സ്വകാര്യ ലാബറട്ടറികളുടെ വീഴ്ച്ച ശ്രദ്ധയില്‍ പെട്ടത്. ലാബറട്ടറികള്‍ പരിശോധന നടത്തുന്നതിനായി മേല്‍വിലാസം ശേഖരിക്കുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യപ്പെടാതിരുന്നത് മൂലം പലരുടെയും വ്യാജ മേല്‍വിലാസങ്ങളാണ് ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫൈഡ് വോട്ടര്‍ പട്ടിക തയാറാക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് ഈ വിലാസങ്ങള്‍ വ്യാജമാണെന്ന് മനസിലായത്. കൊവിഡ് രോഗികളുടെ ശരിയായ മേല്‍വിലാസമടക്കം വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വരുത്തിയ വീഴ്ച്ച ലൈസന്‍സ് വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനമാണെന്നും കളക്ടര്‍ അറിയിച്ചു.

Exit mobile version