അന്ധതയെയും ദാരിദ്രത്തെയും അവഗണനയെയും തോല്‍പിച്ച് ജെആര്‍എഫ് നേട്ടവുമായി പൊന്നാനിയിലെ ശ്രീരാജ്

blind sreeraj | bignewslive

റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ

പൊന്നാനി: പൊന്നാനി നൈതല്ലൂര്‍ സ്വദേശി ശ്രീരാജ് തോല്‍പിച്ചത് വിധി നല്‍കിയ അന്ധതയെയും ദാരിദ്രത്തെയും മാത്രമല്ല നിരന്തരമുള്ള അവഗണനയെയും കൂടിയാണ്. 526000 പേര്‍ പരീക്ഷ എഴുതിയവരില്‍ എസ്‌സി കാറ്റഗറിയിലും പേഴ്‌സന്‍ വിത്ത് ഡിസാബ്ലിഡ് വിഭാഗത്തിലും ജെആര്‍എഫ് യോഗ്യതയോടെ നെറ്റ് പാസാകുന്ന ഏക മലയാളി കൂടിയാണ് നൈതല്ലൂര്‍ മാടക്കര പത്മിനി ചന്ദന്‍ ദമ്പതികളുടെ മകനായ ശ്രീരാജ്.

95 ശതമാനം കാഴ്ചയില്ലാത്ത ശ്രീരാജ് അമ്മയുടെ സഹായത്തോടെയാണ് കുഞ്ഞുനാള്‍ മുതല്‍ പഠിച്ചത്. ഡിഗ്രി പഠനം കുന്ദംകുളത്തെ സ്വകാര്യ കോളേജിലായിരുന്നു. നിരന്തരമുള്ള ബസ് യാത്ര വലിയൊരു പീഡനവും ജീവനക്കാരുടെ അവഹേളനവുമായതോടെ പിജി ഡിസ്റ്റന്‍സായി പഠിച്ചു.കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദൂര പഠനവിഭാഗത്തില്‍ എംഎ മലയാളം വിദ്യാര്‍ത്ഥിയായ ശ്രീരാജ് മൂന്നാമത്തെ പരിശ്രമത്തിലാണ് ജെആര്‍എഫ് സ്വന്തമാക്കിയത്. ആനകളെക്കുറിച്ച് ഒരു പിഎച്ച്ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ ഇരുപത്തിയാറുകാരന്‍.

സുഹൃത്തുക്കള്‍ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്തു നല്‍കും. അത് കേട്ടാണ് ശ്രീരാജ് പഠിച്ചത്. പിതാവ് ചന്ദ്രന്‍ വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലാണ്. അമ്മ പത്മിനി ജോലിക്കു പോയാണ് കുടുംബം കഴിയുന്നതും ശ്രീരാജ് പഠിക്കുന്നതും. കൂട്ടുകാരുടെ സഹായവും ശ്രീരാജിന്റെ പഠനത്തെ സഹായിച്ചിട്ടുണ്ട്. കൂടുതല്‍ അവരെ ബുദ്ധിമുട്ടിക്കാതെ പഠിക്കാനാണ് സ്‌റ്റൈപ്പെന്റിനൊപ്പം പഠനം സാധ്യമാകുന്ന ജെആര്‍എഫ് എന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയത്. അസിസ്റ്റന്റ് പ്രൊഫസറായി ഒരു ജോലിയാണ് ശ്രീരാജ് ആഗ്രഹിക്കുന്നത്. കാരണം കുടുംബത്തെ ഇനിയും പട്ടിണിക്കിടാന്‍ വയ്യ.

Exit mobile version