ഭീതി നിറച്ച് ബുറേവി; തിരുവനന്തപുരം നെയ്യാര്‍ ഉള്‍പ്പടെയുള്ള ഡാമുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം, ജലനിരപ്പ് നിയന്ത്രിച്ചില്ലെങ്കില്‍ വെള്ളം കയറുമെന്ന് മുന്നറിയിപ്പ്

Dam Kerala | Bignewslive

തിരുവനന്തപുരം: തമിഴ്നാട് തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്. ബുറേലി ശക്തിപ്രാപിച്ചതിന്റെ അടിസ്ഥാനത്തില്‍ തെക്കന്‍ ജില്ലകളിലെ നെയ്യാര്‍ ഉള്‍പ്പടെയുള്ള ഡാമുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

അതിതീവ്ര മഴ കണക്കിലെടുത്ത് കേന്ദ്ര ജല കമ്മീഷനാണ് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ഡാമുകളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം കൈമാറിയിരിക്കുന്നത്. തിരുവനന്തപുരത്തെ നെയ്യാര്‍ ഡാം, കൊല്ലം ജില്ലയിലെ കല്ലട റിസര്‍വോയര്‍, പത്തനംതിട്ടയിലെ കക്കി ഡാം തുടങ്ങിയ സ്ഥലങ്ങള്‍ക്കാണ് മുന്നറിയിപ്പ്.

ഡാമുകളിലെയും റിസര്‍വോയറുകളിലെയും ജലനിരപ്പ് നിയന്ത്രിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ജല കമ്മീഷന്‍ അറിയിക്കുന്നു. ശബരിമല തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

Exit mobile version