‘ജവാന്‍’ കുടിച്ചവര്‍ക്ക് കൂടുതല്‍ ‘കിക്ക്’; പരിശോധനയില്‍ കണ്ടെത്തിയത് അളവില്‍ കൂടുതല്‍ വീര്യം! വില്‍പ്പന അടിയന്തിരമായി മരവിപ്പിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: ജവാന്‍ ബ്രാന്‍ഡ് മദ്യത്തിന്റെ വില്‍പ്പന അടിയന്തിരമായി മരവിപ്പിക്കാന്‍ ഉത്തരവ്. രാസപരിശോധനയില്‍ മദ്യത്തിന് അളവില്‍ കൂടുതല്‍ വീര്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വില്‍പ്പന അടിയന്തിരമായി നിര്‍ത്താന്‍ എക്‌സൈസ് വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.

സാംപിള്‍ പരിശോധനയില്‍ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വില്‍പന മരവിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് എക്‌സൈസ് കമ്മിഷണര്‍ അറിയിപ്പ് നല്‍കി. കേരള സര്‍ക്കാരിന് കീഴിലെ ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന്‍ മദ്യത്തിന്റെ നിര്‍മാതാക്കള്‍.

കോഴിക്കോട് മുക്കത്തെ ഒരു ബാര്‍ഹോട്ടലില്‍ നിന്നും കഴിഞ്ഞ ആഴ്ച മദ്യം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പിന്നാലെ മദ്യം വാങ്ങിയവര്‍ എക്സൈസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് മദ്യത്തിലെ വീര്യത്തിന്റെ അളവ് കൂടുതലാണെന്ന റിപ്പോര്‍ട്ടുകളിലേയ്ക്ക് എത്തിയത്.

രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധനക്കായി ലാബിലേക്ക് അയച്ചു. ജവാനില്‍ 42.18 ശതമാനമാണ് ഈതൈല്‍ ആല്‍ക്കഹോള്‍ വേണ്ടതെങ്കിലും ബാറില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച കുപ്പിയില്‍ 62.51 ശതമാനമായിരുന്നു ആല്‍ക്കഹോളിന്റെ അളവ്. ബാറില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്ത മദ്യം റീജനല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബില്‍ പരിശോധിച്ചപ്പോഴാണ് അളവില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയത്. ബാര്‍ ഉടമയ്‌ക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version