സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി; പിഴ അയ്യായിരം രൂപ വരെ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതുഇടങ്ങളില്‍ ഇനി മാസ്‌ക് ധരിക്കാതിരുന്നാല്‍ ഇനി 500 രൂപയാകും പിഴ. ഇത് നേരത്തെ 200 ആയിരുന്നു. 500 രൂപ ഈടാക്കിയിരുന്ന കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് ഇനി മുതല്‍ 5000 രൂപ വരെയും പിഴ ശിക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ക്വാറന്റീന്‍ ലംഘനം, ലോക്ഡൗന്‍ ലംഘനം നിയന്ത്രണം ലംഘിച്ചു കൂട്ടം കൂടല്‍ എന്നിവയ്ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച പിഴ അടയ്ക്കണം.

സംസ്ഥാനത്ത് ഇന്ന് നിരോധനാജ്ഞ ലംഘിച്ചതിന് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 7 പേര്‍ അറസ്റ്റിലായി.തിരുവനന്തപുരം സിറ്റി രണ്ട്, ആലപ്പുഴ ഒന്ന്, കോട്ടയം ഒന്ന്, എറണാകുളം റൂറല്‍ ആറ്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കോട്ടയം ആറ്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1289 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 450 പേരാണ്. 42 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7407 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് രണ്ടു കേസും രജിസ്റ്റര്‍ ചെയ്തു.

Exit mobile version