സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു; രണ്ട് മാസം കൊണ്ട് രോഗം ബാധിച്ചത് 4 ലക്ഷത്തോളം പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്ന് 7007 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,02,601 ആയി. ഇന്ന് 7252 പേര്‍ രോഗമുക്തരായതോടെ ഇതുവരെ 4,22,410 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. നിലവില്‍ 78,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ഇന്ത്യയിലാദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന ഒരു വിദ്യാര്‍ത്ഥിയിലൂടെ കേരളത്തിലാണ്. അന്ന് മുതല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 11ന് വരെ കേരളത്തില്‍ ആകെ 1 ലക്ഷം പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്. എന്നാല്‍ അത് കഴിഞ്ഞുള്ള രണ്ട് മാസം കൊണ്ടാണ് രോഗികളുടെ എണ്ണം 5 ലക്ഷം എത്തിയത്.

ആകെ ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നപ്പോഴും മരണ സംഖ്യ 1771 മാത്രമെന്നത് ആശ്വാസം നല്‍കുന്നതാണ്. മറ്റ് സ്ഥലങ്ങളില്‍ ഉയര്‍ന്ന മരണനിരക്കുള്ളപ്പോള്‍ കേരളത്തിലെ മരണ നിരക്ക് 0.35 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 717 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്.ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 622 ആയി.

Exit mobile version