സംസ്ഥാനത്ത് ഇന്ന് 66 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 66 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 15, മലപ്പുറം 11, കോഴിക്കോട് 9, തിരുവനന്തപുരം 6, കൊല്ലം, കണ്ണൂര്‍ 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, തൃശൂര്‍ 3 വീതം, കോട്ടയം 2, ആലപ്പുഴ, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗവ്യാപനം കുറവില്ലാതെ തുടരുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗ വ്യാപനം ആശങ്ക ഉയര്‍ത്തുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,73,352 ആയി. ഇന്ന് 854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 3,88,504 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. നിലവില്‍ 83,208 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 27 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1640 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07,828 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ 8 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Exit mobile version