ദീപ നിശാന്തിനെതിരെ പ്രതിഷേധം; ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണയം വീണ്ടും നടത്തിയേക്കും

കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപാ നിശാന്തിനെ വിധികര്‍ത്താവായി നിയോഗിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം.

ആലപ്പുഴ: സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് വിധികര്‍ത്താവായ ഉപന്യാസ മത്സരം വീണ്ടും മൂല്യനിര്‍ണയം നടത്തിയേക്കും. കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപാ നിശാന്തിനെ വിധികര്‍ത്താവായി നിയോഗിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം.

പരാതി കിട്ടിയാല്‍ ഹയര്‍ അപ്പീല്‍ സമിതിയെ കൊണ്ട് മൂല്യ നിര്‍ണയം നടത്താനാണ് നീക്കം. അതേസമയം, ദീപാ നിശാന്തിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്
കെഎസ്‌യു.

മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായി ദീപാ നിശാന്ത് എത്തിയതിനെതിരെ പ്രതിപക്ഷ, യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവര്‍ത്തകരാണ് ദീപയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു വനിതാ പ്രവര്‍ത്തകരും ദീപയ്‌ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തുകയായിരുന്നു.

ദീപാ നിശാന്തിനെ വിധി കര്‍ത്താവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചു എന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, പ്രതിഷേധം അനാവശ്യമെന്നായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി വന്നത് അധ്യാപിക എന്ന നിലയില്‍ ആണെന്ന് ദീപാ നിശാന്ത് പ്രതികരിച്ചു. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്‌ക്കേണ്ട കാര്യമില്ലെന്നും ദീപാ നിശാന്ത് പറഞ്ഞു.

Exit mobile version