ശബരിമല ക്ഷേത്രം ദ്രാവിഡരുടേത് തന്നെ; 300ല്‍ വര്‍ഷം പഴക്കമുള്ള രാജമുദ്ര പതിപ്പിച്ച രേഖ പുറത്ത്, ശ്രദ്ധേയം യുവതീ പ്രവേശന വിലക്ക് പരാമര്‍ശം ഇല്ല! രേഖയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ…

ചെമ്പോലയില്‍ എഴുതി തയാറാക്കിയ തിട്ടൂരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

കൊച്ചി: ശബരിമലയില്‍ ഇന്ന് നില്‍ക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും തള്ളി യഥാര്‍ത്ഥ ചരിത്രം വിശദീകരിക്കുന്ന 300ല്‍പരം വര്‍ഷം വരെ പഴക്കമുള്ള രാജമുദ്ര പതിപ്പിച്ച രേഖകള്‍ കണ്ടെത്തി. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ശബരിമല ക്ഷേത്രം ദ്രാവിഡ വംശത്തില്‍ പെട്ടവരുടെ ആരാധനാലം ആയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് രേഖയില്‍ ഉള്ളത്. ഇന്ന് കാണുന്നതു പോലെയുള്ള വൈദിക ചടങ്ങുകളോ ആചാരങ്ങളോ അവിടെ ഉണ്ടായിരുന്നില്ലെന്നും രേഖയില്‍ വ്യക്തമാണ്.

ചെമ്പോലയില്‍ എഴുതി തയാറാക്കിയ തിട്ടൂരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എറണാകുളത്ത് കലൂരിലുള്ള ഡോ. മോണ്‍സന്‍ മാവുങ്കലിന്റെ സ്വകാര്യ ചരിത്രവസ്തു ശേഖരത്തിലാണ് പന്തളം കൊട്ടാരത്തിന്റെ രാജ്യമുദ്രയുള്ള രേഖയുള്ളത്. 1668ല്‍ എഴുതിയ ചെമ്പോലയില്‍ ശബരിമലയെ കോലെഴുത്ത് രീതി അനുസരിച്ച് ‘ചവരിമല’ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്. യുവതീ പ്രവേശന വിലക്കിനെ കുറിച്ചും രേഖയില്‍ ഒന്നും പറയുന്നില്ലെന്നതാണ് ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

ചെമ്പോല വസ്തുനിഷ്ഠവും ആശ്രയിക്കാന്‍ കഴിയുന്ന രേഖയുമാണെന്ന് തൃപ്പൂണിത്തുറ ഹില്‍പാലസിലെ പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ഡോ എംആര്‍.രാഘവവാര്യര്‍ പറയുന്നു. ചെമ്പോലയില്‍ കൊല്ലവര്‍ഷം 843 (ക്രിസ്തുവര്‍ഷം 1668) ധനുമാസം ഞായറാഴ്ച്ച എന്നാണു തീയ്യതി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലഘട്ടത്തിലാണ് മധുരനായ്ക്കന്‍ പാണ്ടിനാട് ആക്രമിച്ചതിനാല്‍ രാജവംശം പന്തളത്തേക്ക് താമസം മാറുന്നത്. ഈ വസ്തുതയും, ഓലയിലെ പുരാതന കോലെഴുത്ത് മലയാളം എന്നിവ രേഖയുടെ കാലപ്പഴക്കമാണ് വ്യക്തമാക്കുന്നത് എന്നും രാഘവവാര്യര്‍ പറയുന്നു.

ശബരിമലയിലെ ആചാരങ്ങളെയും ചടങ്ങുകളെയും കുറിച്ച് ഇന്ന് ലഭ്യമാകുന്ന ഏറ്റവും പഴയ രേഖയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ശബരിമലയില്‍ അന്ന് നിലനിന്നിരുന്ന പുള്ളുവന്‍ പാട്ട്, വേലന്‍ പാട്ട് എന്നീ ആചാരങ്ങളെ കുറിച്ചും രേഖയില്‍ പരാമര്‍ശമുണ്ട്. ശബരിമല സന്നിധാനത്തെ കാണിക്കയ്ക്ക് സമീപം കുടില്‍കെട്ടി പാര്‍ത്തിരുന്നത് തണ്ണീര്‍മുക്കം ചീരപ്പന്‍ ചിറയിലെ കുഞ്ഞന്‍ പണിക്കരാണെന്നും ചെമ്പോല വ്യക്തമാക്കുന്നു. ശബരിമലയില്‍ മകരവിളക്ക് തുടങ്ങിയ ചടങ്ങുകള്‍ക്ക് അക്കാലത്തെ പണമായ 3001 ‘അനന്തരാമന്‍ പണം’ കുഞ്ഞന്‍ കുഞ്ഞന്‍ പണിക്കര്‍ തുടങ്ങിയവര്‍ക്ക് നല്‍കണമെന്നും ചെമ്പോല വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ശബരിമലയിലെ പ്രതിഷ്ഠയെ കുറിച്ചോ മറ്റ് ബ്രാഹ്ണാചാരങ്ങളെക്കുറിച്ചോ തിട്ടൂരത്തില്‍ സൂചന നല്‍കുന്നില്ല. ഇതിന് പുറമെ പുള്ളുവന്‍ പാട്ട്, വേലന്‍പാട്ട് എന്നിവ നടത്തുന്നവര്‍ക്ക് പണം അനുവദിക്കണം എന്ന് പറയുന്നുമുണ്ട്. വെടി വഴിപാട്, മകരവിളക്ക് മാളികപ്പുറത്തമ്മയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ തുടങ്ങിയവയെ കുറിച്ച് മാത്രമാണ് രേഖയില്‍ പരാമര്‍ശിക്കുന്നത്. പതിനെട്ടാംപടിക്ക് താഴെ എവിടെഎല്ലാം വെച്ച് കതിന പൊട്ടിക്കാം, ശബരിമലയിലെ ചടങ്ങുകള്‍ എങ്ങനെ നടത്താം തിരുവാഭരണം എവിടെ സൂക്ഷിക്കാം എന്നീ തീരുമാനങ്ങളൊക്കെ കൈകൊള്ളുക ചീരപ്പന്‍ചിറയിലെ കുഞ്ഞന്‍ കുഞ്ഞന്‍ പണിക്കരാണ് എന്നും രേഖയില്‍ പറയുന്നു. മേല്‍നോട്ട അവകാശത്തിന് കോവില്‍ അധികാരികളുമുണ്ടെന്നും അവര്‍ ഇരിക്കേണ്ടത് എവിടെയൊക്കെയാണെന്നും രേഖയില്‍ വ്യക്തമാണ്.

പക്ഷേ തന്ത്രിമാരെക്കുറിച്ചോ, ബ്രാഹ്മണശാന്തിമാരെക്കുറിച്ചോ യാതൊരു സൂചനയും രേഖയിലില്ല. ഉന്നിയില വീട്ടില്‍ നാരായണന്‍, വെങ്ങല വീട്ടില്‍ നാരായണ കുഞ്ഞന്‍ എന്നിവരെയാണ് തിട്ടൂരത്തിലെ സാക്ഷികളായി പരാമര്‍ശിക്കുന്നത്. ഇവരുടെ പേര് നല്‍കുന്ന സൂചനകള്‍ പ്രകാരം ഇരുവരും ഈഴവ വിഭാഗത്തിലുള്ളവരാണെന്നാണ് മനസിലാകുന്നത്. ശബരിമല ദ്രാവിഡ ക്ഷേത്രമായിരുന്നു എന്നാണു ഇതില്‍ നിന്നും വ്യക്തമാകുന്നത്. തിരുവനന്തപുരത്തുള്ള ശ്രീധരമേനോനില്‍നിന്നാണ് പ്രാചീന രേഖകള്‍ ശേഖരിക്കുന്ന ഡോ. മോണ്‍സന് ശബരിമലയെക്കുറിച്ചുള്ള ഈ ചരിത്രരേഖ ലഭ്യമാകുന്നത്.

Exit mobile version