ഹോം ബേക്കിംഗിന് നിയന്ത്രണം; വീടുകളില്‍ ഇനി ലൈസന്‍സില്ലാതെ കേക്ക് വിറ്റാല്‍ ഇനി അഞ്ച് ലക്ഷം പിഴ, ആറുമാസം തടവും

തിരുവനന്തപുരം: കൊവിഡും, ലോക് ഡൗണും സമയത്ത് വലിയ തോതില്‍ നടന്ന തൊഴിലാണ് ഹോം ബേക്കിംഗ്. ജോലിയില്ലാതെ വീട്ടില്‍ ഇരുപ്പ് തുടങ്ങിയതോടെയാണ് വീടുകളില്‍ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിച്ച് വില്‍പ്പന തുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഹോം ബേക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.

ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളുമുണ്ടാക്കി വില്‍ക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതോടെ 2020 മാര്‍ച്ചിനുശേഷം 2300 രജിസ്‌ട്രേഷനാണ് നടന്നത്. എന്നാല്‍, ഇപ്പോഴും ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. ഈ സാഹചര്യത്തില്‍ ശിക്ഷാ നടപടികളും കടുപ്പിക്കുകയാണ് അധികൃതര്‍.

ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷ നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം 2011 ലാണ് നിലവില്‍ വന്നത്. 12 ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം ഉണ്ടെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനുതാഴെയാണെങ്കില്‍ രജിസ്‌ട്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ നിന്നാണ് ലൈസന്‍സും രജിസ്‌ട്രേഷനും നല്‍കുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version