മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേനും വനവിഭവങ്ങളുമായി അയ്യപ്പനെ കാണാന്‍ ആദിവാസികള്‍ സന്നിധാനത്ത്

ക്ഷേത്രം ട്രസ്റ്റിയും ഗുരുസ്വാമിയുമായ വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്.

ശബരിമല: മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേനും വനവിഭവങ്ങളുമായി അയ്യപ്പനെ കാണാന്‍ ഗോത്രവിഭാഗക്കാര്‍ സന്നിധാനത്തെത്തി. തിരുവനന്തപുരം കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ പരമ്പരാഗത ആചാരപ്രകാരം പൂജാകര്‍മങ്ങള്‍ നിര്‍വഹിച്ചുവരുന്നവരാണിവര്‍.

മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേന്‍, കാട്ടുകുന്തിരക്കം, കദളിക്കുല, ഈറ്റയിലും ചൂരലിലും തീര്‍ത്ത പൂജാപാത്രങ്ങള്‍, കരിമ്പിന്‍കെട്ട് തുടങ്ങിയ വനവിഭവങ്ങളാണ് വ്രതശുദ്ധിയോടെ സോപാനത്തില്‍ സമര്‍പ്പിച്ചത്.

കാടിനുള്ളിലെ കാണിസെറ്റില്‍മെന്റില്‍ നിന്നു മാടന്‍തമ്പുരാന്റെ ക്ഷേത്രത്തിലെത്തി പ്രത്യേകപൂജകളും പ്രാര്‍ത്ഥനകളും നടത്തി വനദേവതകളെ പ്രീതിപ്പെടുത്തിയശേഷമാണ് 17 അംഗ സംഘം കാല്‍നടയായി യാത്ര ആരംഭിച്ചത്. ക്ഷേത്രം ട്രസ്റ്റിയും ഗുരുസ്വാമിയുമായ വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. തന്ത്രിയേയും മേല്‍ശാന്തിയേയും കണ്ടുവണങ്ങിയ ശേഷമാണു മടക്കം.

Exit mobile version