കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു. സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍ കരുതണം. ഭക്തര്‍ സാമൂഹിക അകലം പാലിക്കണം. കൂട്ടമായി നടക്കാനോ മല കയറാനോ പാടില്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
ദര്‍ശനത്തിന് എത്തുന്നവര്‍ 48 മണിക്കൂറിനകം ലഭ്യമായ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്. കൂടാതെ മലകയറാന്‍ പ്രാപ്തരാണെന്ന് സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.
അതേസമയം തുലാമാസപൂജകള്‍ക്കായി ശബരിമലക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഭക്തര്‍ സന്നിധാനത്ത് ദര്‍ശനത്തിനായി എത്തും. ഉഷഃപൂജയ്ക്ക് ശേഷം എട്ടുമണിയോടെ അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല – മാളികപ്പുറം മേല്‍ശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും.
നിയന്ത്രണങ്ങളോടെയാണ് ആറുമാസത്തിന് ശേഷം സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുന്നത്. അഞ്ച് ദിവസം നീളുന്ന തീര്‍ഥാടന കാലയളവില്‍ 1250 പേര് അയ്യപ്പനെ തൊഴും. പൂജകള്‍ പൂര്‍ത്തിയാക്കി 21 -ന് രാത്രി 7.30-ന് ഹരിവരാസനം പാടി നട അടയ്ക്കും.
