സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; രണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 3,03,810 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,07,357 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. 95,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 1046 പേരാണ്.

സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7723 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,000 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

അതേസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൊവിഡ് ബാധിച്ചവരില്‍ 87 ശതമാനം പേര്‍ക്കും രോഗം ഭേദമായതായി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ള രോഗികള്‍ 11.69 ശതമാനമാണ്. ഇത് ഏകദേശം 9 ലക്ഷത്തിനും താഴെ മാത്രമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രോഗികളുടെ പ്രതിവാര പോസ്റ്റിവിറ്റി നിരക്ക് 6.24% ആയി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 62 ലക്ഷം കവിഞ്ഞുവെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ചികിത്സയിലുള്ള രോഗികള്‍ 11.69 ശതമാനത്തില്‍ 11.26 % ശതമാനവും കേരളത്തിലാണെന്നും ആഭ്യന്ത്രമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ 8,38,729 പേര്‍ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Exit mobile version