അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചു. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. അപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

കായിക ബലം കൊണ്ട് നിയമത്തെ നേരിടാനാകില്ലെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ലാ കോടതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിനു കുറ്റം ചെയ്യാന്‍ പ്രേരണയാകുമെന്ന് പോലീസ് വാദിച്ചു. തുടര്‍ന്നാണ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രതികളുടേത് സംസ്‌കാരത്തിനു ചേരാത്ത പ്രവൃത്തിയെന്നു നിരീക്ഷിച്ച കോടതി, സമാധാനവും നിയമവും കാത്തി സൂക്ഷിക്കേണ്ട ബാധ്യത കോടതിയ്ക്കുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

വിജയ് പി.നായരുടെ പരാതിയില്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് പോലീസ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. നിലവില്‍ പോലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍. ഹൈക്കോടതിയില്‍ ഇവര്‍ സമര്പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം തുടര്‍നടപടികള്‍ മതിയെന്ന നിലപാടിലാണ് പോലീസ്.

Exit mobile version