സംസ്ഥാനത്ത് ഇന്ന് 195 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കുറവില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗവ്യാപനം. സംസ്ഥാനത്ത് ഇന്ന് 195 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 76, എറണാകുളം 23, തൃശൂര്‍ 19, കോട്ടയം 17, കണ്ണൂര്‍ 13, പാലക്കാട്, കോഴിക്കോട് 10 വീതം, മലപ്പുറം, കാസര്‍ഗോഡ് 7 വീതം, ആലപ്പുഴ 5, കൊല്ലം, ഇടുക്കി 3 വീതം, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ദിനംപ്രതി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1025 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 94,388 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,99,634 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,413 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകളാണ് പരിശോധിച്ചത്.

Exit mobile version