കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു;പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ കൊട്ടാരക്കരയിലുള്ള എന്റെ ഓഫീസില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും ഡോക്ടര്‍മാരുടെ അഭിപ്രായം മാനിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്ന ആരെങ്കിലും ഉണ്ടെങ്കില്‍ സെല്‍ഫ് ക്വാറന്റൈനില്‍ പോവണം എന്നും കൊടിക്കുന്നേല്‍ സുരേഷ് പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷിന്റെ മൂത്ത സഹോദരി ലീല അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

കൊവിഡ് പരിശോധന നടത്തി. പരിശോധന ഫലം പോസിറ്റീവ് ആണ്. ശാരീരിക അസ്വസ്ഥതകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ കൊട്ടാരക്കരയിലുള്ള എന്റെ ഓഫീസില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും ഡോക്ടര്‍മാരുടെ അഭിപ്രായം മാനിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറുകയാണ്. സഹോദരിയുടെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന മരണാനന്തര ചടങ്ങുകളില്‍ ഒഴിച്ച്കൂടാത്ത ചിലരൊഴികെ ആരും പങ്കെടുത്തിട്ടില്ല. എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ വന്ന ആരെങ്കിലും ഉണ്ടെങ്കില്‍ സെല്‍ഫ് ക്വാറന്റൈനില്‍ പോവണം. ആവശ്യമെങ്കില്‍ വൈദ്യസഹായം തേടണം. എല്ലാരും ശ്രദ്ധിക്കണം. സ്വയം സൂക്ഷിക്കണം, കേരളത്തില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണ്. എത്രയും പെട്ടെന്ന് നെഗറ്റീവ് ആയി തിരികെയെത്താമെന്ന് പ്രതീക്ഷിക്കുന്നു. ഏതാവശ്യങ്ങള്‍ക്കും എന്റെ ഓഫീസുമായോ അത്യാവശ്യമെങ്കില്‍ എന്നെ തന്നെയും ഫോണില്‍ ബന്ധപ്പെടാവുന്നതാണ്. Stay Safe.

Exit mobile version