ഓപ്പറേഷന്‍ പി ഹണ്ട്: കേരള പോലീസിനെ അഭിനന്ദിച്ച് നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി

കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുകയും അത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് തടയാനായി എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ പി ഹണ്ടിന് നൊബേല്‍ ജേതാവിന്റെ അഭിനന്ദനം. ബാലവേലയ്ക്കെതിരെ ക്യാമ്പെയിനുകള്‍ സംഘടിപ്പിക്കുകയും പിന്നീട് നൊബേല്‍ സമ്മാനത്തിന് അര്‍ഹനാവുകയും ചെയ്ത കൈലാഷ് സത്യാര്‍ത്ഥിയാണ് മനോജ് എബ്രഹാമിനേയും സൈബര്‍ ഡോമിനേയും അഭിനന്ദിച്ച് രംഗത്ത് വന്നത്. ട്വിറ്ററിലൂടെയാണ് സത്യാര്‍ത്ഥിയുടെ അഭിനന്ദനം.

കുട്ടികളെ ഇരയാക്കിയുള്ള ഓണ്‍ലൈന്‍ കുറ്റങ്ങള്‍ വര്‍ധിക്കുന്ന കാലത്ത് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ്. നിങ്ങളുടെ ഈ നല്ല പ്രവര്‍ത്തി തുടരുക. സത്യാര്‍ത്ഥി ട്വീറ്റ് ചെയ്തു. ഓണ്‍ലൈനില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച 41 പേരാണ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ അറസ്റ്റിലായത്. സംസ്ഥാന പോലീസിനു കീഴില്‍ സൈബര്‍ ഡോം സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ഹൈടെക് അന്വേഷണത്തിലാണ് അറസ്റ്റ്. 362 സ്ഥലത്ത് പരിശോധന നടത്തി 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

Exit mobile version