സംസ്ഥാനത്ത് കണ്ടെത്താതെ പോകുന്ന കൊവിഡ് കേസുകള്‍ കുറവാണെന്ന് ഐസിഎംആര്‍ സിറോ സര്‍വേ

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെത്താതെ പോകുന്ന കൊവിഡ് കേസുകള്‍ കുറവാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). സംസ്ഥാനത്ത് ഡോ. വിമിത് വില്‍സന്റെ നേതൃത്വത്തില്‍ 20 അംഗ സംഘം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ആഗസ്ത് 24 മുതല്‍ 26 വരെ പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്ന് 1281 സാമ്പിള്‍ പരിശോധിച്ചതില്‍ 11 എണ്ണമാണ് ഐജിജി ആന്റിബോഡി പോസിറ്റീവായത്. അതായത് പരിശോധിച്ചതില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ശ്രദ്ധയില്‍ പെടാതെ രോഗം വന്നുഭേദമായത്. എന്നാല്‍, ദേശീയ തലത്തില്‍ നടത്തിയ ആകെ പരിശോധനയില്‍ ഇത് 6.6 ശതമാനമാണ്. സംസ്ഥാനത്ത് നടത്തുന്ന കൊവിഡ് പരിശോധന ഫലപ്രദമാണെന്നാണ് സര്‍വേ ഫലം തെളിയിക്കുന്നത്.

മൂന്ന് മാസത്തിനിടെ രോഗവ്യാപനത്തോത് ദേശീയ ശരാശരി ഒമ്പത് ഇരട്ടിയായി വര്‍ധിച്ചപ്പോള്‍ സംസ്ഥാനത്ത് അത് 2.4 ഇരട്ടിയായിട്ടാണ് വര്‍ധിച്ചതെന്നും സര്‍വേ പറയുന്നു. രോഗസാധ്യതയുള്ളവര്‍ക്കായുള്ള സമ്പര്‍ക്കവിലക്ക് സംസ്ഥാനത്ത് രോഗവ്യാപനം കുറയ്ക്കാന്‍ സഹായിച്ചെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം നിര്‍ബന്ധമാക്കിയതും നിര്‍ണായകമായി. വ്യാപനം പൂര്‍ണമായും തടയാന്‍ സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കണമെന്നും സര്‍വേ ഫല റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായിരുന്നു ഐസിഎംആര്‍ പഠനം. ഓരോ ജില്ലയെയും പത്ത് മേഖലയായി തിരിച്ച് രോഗികളുമായി സമ്പര്‍ക്കമോ യാത്രാചരിത്രമോ ഇല്ലാത്തവരെയാണ് പരിശോധിച്ചത്.

Exit mobile version